ന്യൂദല്‍ഹി: വര്‍ണപ്പൊടികളും നിറക്കൂട്ടുകളും വാരി വിതറി ഉത്തരേന്ത്യക്കാര്‍ ഇന്ന് ഹോളി ആഘോഷിക്കുന്നു. അഞ്ചു മാസം നീണ്ടു നിന്ന ശൈത്യത്തിന് വിരാമമിട്ട് വസന്തത്തെ വരവേല്‍ക്കുന്ന നാള് കൂടിയായ ഹോളി ഉത്തരേന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഐശ്വര്യത്തിന്റേയും സമ്പത് സമൃദ്ധിയുടേയും വരും നാളുകള്‍ സ്വപ്നം കണ്ട് പരസ്പരം ചാര്‍ത്തുന്ന വര്‍ണ്ണ പൊടികള്‍ക്കും ചീറ്റിക്കുന്ന നിറപ്പകിട്ടാര്‍ന്ന വെള്ളത്തിനും സ്നേഹത്തിന്റെ ഗന്ധമാണ, നിറമാണ്.
ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച്ച തന്നെ ദല്‍ഹിയില്‍ തിരശ്ശീല ഉയര്‍ന്നു. ഇക്കാലയളവില്‍ ആര്‍ക്കും ആരുടെ നേരെയും വര്ണ്ണങ്ങളെറിയാം. പുഞ്ചിരിയോടെ മാത്രമേ വര്‍ണ്ണങ്ങളെ സ്വീകരിക്കാന്‍ ഇന്ന് ഉത്തരേന്ത്യക്കാര്ക്കാവു. തിന്മയ്ക്കു മേല്‍ മഹാവിഷ്ണു നേടിയ വിജയം ആഘോഷിക്കുന്ന ഉല്‍സവമാണ് ഹോളി. ഹോളിയെ കത്തിച്ചാണ് ഹോളി ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്. പ്രഹ്ലാദന്റെ അച്ഛന് ഹിരണ്യകശ്യപുവിന്റെ സഹോദരിയാണ് ഹോളിഗ. കടുത്ത ഈശ്വര വിരോധിയായ ഹിരണ്യകശ്യപുവിനും ഹോളിഗയ്ക്കും പ്രഹ്ലാദന്റെ വിഷ്ണു ഭക്തി ഇഷ്ടമായിരുന്നില്ല.
ഇതേതുടര്‍ന്നാണ് പ്രഹ്ലാദനെ വകവരുത്താന്‍ പിതാവും പിതൃസഹോദരിയും ശ്രമിച്ചത്. അഗ്നിദേവന് നല്കിയ സാരിയുടുത്താല്‍ അഗ്നിക്കിരയാവില്ലെന്ന വരം ഹോളിഗയ്ക്ക് ലഭിച്ചിരുന്നു. ഇതുപ്രകാരം പിതാവ് ആവശ്യപ്പെട്ടപോലെ ഹോളിയുടെ മടിയില്‍ പ്രഹ്ലാദന് ഇരുന്നു. പ്രഹ്ലാദനെ കൊല്ലുന്നതിനായി ഹോളിഗയ്ക്ക് തീ കൊളുത്തി. എന്നാല്‍ ഈശ്വര ഭക്തി ഹോളിഗയെ ദഹിപ്പിക്കുകയും പ്രഹ്ലാദനെ രക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മഹാവിഷ്ണു നരസിംഹാവതാരം പൂണ്ട് രാക്ഷസരാജാവായ ഹിരണ്യകശ്യപുവിനെ വധിച്ച് മോക്ഷം നല്കി.
ഇതിനു പിന്നാലെയാണ് ഉത്തരേന്ത്യക്കാര്‍ വര്‍ണ്ണാഭമായ പൊടികള്‍ നിരത്തുകളില്‍ വാരി വിതറി തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയം കൊണ്ടാടിയത്. അഗ്നിക്കിരയായതോടെ ഹോളിഗയ്ക്ക് മോക്ഷവും ലഭിച്ചു. അങ്ങനെ ഹോളിഗയെ കത്തിച്ച് ശേഷമുള്ള വര്‍ണ്ണപ്പകിട്ടാണ് ഉത്തരേന്ത്യക്കാരുടെ ഈ ഉല്‍സവം. ഹോളിഗയ്ക്കുമുണ്ട് പ്രത്യേകത. ഗോമാതാവിന്റെ ചാണകം കൊണ്ടുണ്ടാകിയ വര്‍ളിയും ആ പ്രദേശത്ത് വിതച്ച ധാന്യങ്ങളുടെ സമൃദ്ധിക്ക് വേണ്ടി ഒന്നോ രണ്ടോ ധാന്യച്ചെടികളും പച്ചക്കറികളും എന്നു വേണ്ട പയര്‍വര്‍ഗ്ഗങ്ങളും പഴവര്‍ഗ്ഗങ്ങളും എല്ലാം ഹോളിഗയില്‍ നേതിക്കണം.
ശ്രീകൃഷ്ണന് ജനിച്ച ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഹോളി 16 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷമാണ്. രാധേ ശ്യാമിന്റെ പ്രേമം ആഘോഷിക്കുകയാവും 16 ദിവസങ്ങളിലും മഥുരാക്കാര്. മഞ്ഞ, ചുവപ്പ്, പച്ച, നീല, കാപ്പി, വൈലറ്റ്, പിങ്ക്, റോസ് എന്നിങ്ങനെ വേണ്ട ഭൂമിയിലുള്ള സകല നിറങ്ങളും ഇക്കാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണാനാകും.
പൊതുവെ സ്വാര്‍ത്ഥരായി കണക്കാക്കുന്ന ഉത്തരേന്ത്യക്കാര്‍ ഈ ദിവസങ്ങളില്‍ വളരെ ധാനപ്രിയരായിരിക്കും. ശ്രീകൃഷ്ണ ലീലകള്‍ പാടി നിരത്തുകള്‍ കൈയ്യേറി ഭക്തിയില്‍ മുഴുകുന്ന കാഴ്ച്ചകളാണ്ടാവുക. ബലൂണുകളില്‍ വിവിധ നിറത്തിലുള്ള വെള്ളംനിറച്ച് എറിയുക, നിറങ്ങളുടെ വെള്ളം ചീറ്റിക്കുന്ന പമ്പ്, വിവിധയിനം പിച്ച്കാരികള് (തോക്ക്), എന്നീ വൈവിധ്യമാര്‍ന്ന കളി ആയുധങ്ങളാണ് നിറങ്ങള്‍ തൂവാന്‍ ഉപയോഗിക്കുന്നത്. ഒരോ തവണയും നിറങ്ങള്‍ തൂവുന്നതിനുള്ള പുതിയ ഉപകരണങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ടാകും.
ആചരങ്ങളല്ല….ഒരു സംസ്കാരത്തിന്റെ ആഘോഷമായിട്ടാണ് തോന്നുക. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലും ജാതി-മത ഭേദമന്യേ സ്നേഹം വാരി വിതറുകയാണിവിടെ. കളളവും ചതിയുമില്ലാത്ത ആശംസുകളുമായി……കൂട്ടിന് ഭാംഗുമുണ്ട്…..നമ്മുടെ നാടന്‍ ചാരായത്തെ പോലും വെല്ലുന്ന അത്യുഗ്രന്‍ ഭാംഗ്്….എന്നാല്‍ കള്ളിന്റെ നിറമുള്ള ഭാംഗ്…കഞ്ചാവിന്റെ വീര്യമാണിതിന്. എന്നാല്‍ ഇതു കഴിച്ച് മത്താവുമെന്നല്ലാതെ സഹജീവികളെ ദ്രോഹിക്കാനൊന്നും ആരും മുതിരില്ല. ചിലയിടങ്ങളില്‍ പഞ്ചാബി സ്ത്രീകള്‍ വരെ ഭാംഗ് പാനം ചെയ്യാറുണ്ട്. അമൃതിന് തുല്യമായി കണ്ട് മത്താകാന്‍ മാത്രം ഉപയോഗിക്കുന്ന പാനീയമാണിത്. ഇതൊക്കെയടിച്ച് നിയമ ലംഘനങ്ങള്‍ നടത്താതിരിക്കാന്‍ പോലീസും നിരത്തുകളില്‍ സദാ ജാഗരൂകരാണ്. ഹോളി കഴിയുന്നതോടെ വസന്തത്തോടൊപ്പം ചൂടും എത്തുകയായി.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: