കൊല്ലം: ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യം ജലരേഖയാകുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുപോലും ലഭ്യമാക്കാതെ പോലീസ് കേസ് തേയ്ച്ചുമായ്ച്ചു കളയാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയരുന്നു.
നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായ മുണ്ടയ്ക്കല്‍ വെസ്റ്റ് പുളിമൂട് ജംഗ്ഷനില്‍ എച്ച് ആന്റ് സി നഗര്‍ കീര്‍ത്തിയില്‍ അജികുമാര്‍(29) ആണ് മരിച്ചത്. ഫെബ്രുവരി 23ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ തന്റെ മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന്റെ മരണത്തിന് ഉത്തരവാദികളായ ക്വട്ടേഷന്‍ സംഘത്തില്‍പെട്ട തില്ലേരി സ്വദേശികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് പിതാവ് ചന്ദ്രന്‍പിള്ള പോലീസില്‍ പരാതി നല്‍കിയിരുന്നു. 20ന് രാത്രി നഗരത്തിലെ ഒരു ഹോട്ടലിന് മുമ്പില്‍വച്ച് തില്ലേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍സംഘം അജികുമാറിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അജികുമാറിന്റെ പക്കലുണ്ടായിരുന്ന രണ്ടുപവന്റെ മാലയും കാല്‍ലക്ഷം രൂപയും കവരുകയുമായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കുനേരെയും സംഘം അക്രമം അഴിച്ചുവിട്ടു. മര്‍ദ്ദനമേറ്റ് അവശനിലയിലായ അജിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചശേഷം ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് 23ന് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോലീസ് ഇരുവിഭാഗത്തെയും വിളിച്ചെങ്കിലും അക്രമികള്‍ സ്റ്റേഷനില്‍ എത്തിയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് തില്ലേരിയിലുള്ള ലാലു, അജിയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു.
ഹോട്ടലിന് മുന്നില്‍ വച്ച് അക്രമിച്ചപ്പോള്‍ ലാലുവിനെതിരെ സംസാരിക്കുമോടാ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് മകന് പറഞ്ഞിരുന്നതായും പിതാവ് പോലീസില്‍ ധരിപ്പിച്ചു. 23ന് സ്റ്റേഷനിലെത്തി വീട്ടിലേക്ക് പോകുംവഴി ചന്ദ്രന്‍പിള്ളയെ മൊബെയിലില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ബീച്ചിലെത്താനും ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് അജികുമാറിന്റെ മൊബെയിലില്‍ വിളിച്ച സംഘം ബീച്ചിലെ ഒരു ഹോട്ടലില്‍ എത്തിയില്ലെങ്കില്‍ വീടുകയറി അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി തവണ ഇത്തരത്തില്‍ ഭീഷണി ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ മാനസികമായി തകര്‍ന്ന അജി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത ഉള്ളതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പോലും പോലീസ് ലഭ്യമാക്കുന്നില്ലെന്നും അജികുമാറിന്റെ പിതാവ് പറയുന്നു.
കട്ടിലില്‍ മുട്ടുമടക്കിയ നിലയിലായിരുന്നു പ്ലാസ്റ്റിക് റോപ്പില്‍ തൂങ്ങിയ അജികുമാറിന്റെ മൃതദേഹം കണ്ടത്. ഷര്‍ട്ടിന്റെ മൂന്നുബട്ടണുകളും പൊട്ടിപ്പോയിരുന്നു. മുറിയിലെ കസേര വേറെ സ്ഥലത്തായി കാണപ്പെട്ടു. ഇതെല്ലാം ദുരൂഹത ഉണര്‍ത്തുന്നതാണെന്ന് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ചന്ദ്രന്‍പിള്ള ചൂണ്ടിക്കാട്ടി. അസി. കമ്മീഷണര്‍, ഈസ്റ്റ് സിഐ, ഈസ്റ്റ് എസ്ഐ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: