പുനലൂര്‍: ഭാര്യയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആരോപിച്ച് ഭര്‍ത്താവ് രംഗത്ത്. കമുകുംചേരി പണ്ടാരഴികത്ത് വീട്ടില്‍ സത്യാനന്ദനാണ് രംഗത്തു വന്നിട്ടുള്ളത്.
സത്യാനന്ദന്റെ ഭാര്യ മായ 2012 സെപ്തംബര്‍ 19നാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ പീഡനത്തെത്തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പരാമര്‍ശിച്ചിരുന്നു. സത്യാനന്ദന്റെ സഹോദരന് ശിവാനന്ദനും മാതാവും ചേര്‍ന്നാണ് മായയെ പീഡിപ്പിച്ചിരുന്നതെന്ന് സത്യാനന്ദന് ആരോപിക്കുന്നു. കുന്നിക്കോട് പോലീസാണ് കേസന്വേഷണം നടത്തിയത്. എന്നാല്‍ പ്രതിഭാഗത്തുള്ളവരുടെ സ്വാധീനം മൂലം പോലീസ് കേസെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മീഷന്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സത്യാനന്ദന് പരാതിയും നല്‍കിയിട്ടുണ്ട്.
സത്യാനന്ദന് 16 വര്‍ഷക്കാലമായി ഗള്‍ഫിലായിരുന്നു. വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്കു പോയ സമയത്താണ് തന്റെ ഭാര്യയെ സ്വന്തം അമ്മയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായി സത്യാനന്ദന് പറയുന്നു. ഭാര്യയുടെ ദുരൂഹമരണം നടന്നിട്ട് ആറുമാസം കഴിയുന്നു.
പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലും പോലീസ് തയാറായിട്ടില്ല. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. തന്റെ ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് സത്യാനന്ദന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: