ചെന്നൈ: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഡിഎംകെയില്‍ ഭിന്നത രൂക്ഷമാകുന്നു. കരുണാനിധിയുടെ മകനും പാര്‍ട്ടി നേതാവുമായ എം.കെ. അഴഗിരി ഇന്നലെ ചേര്‍ന്ന നിര്‍ണ്ണായക എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിനടപടികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ചെന്നൈയില്‍ യോഗം ചേര്‍ന്നത്. ലങ്കന്‍ പ്രശ്നത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുപിഎ വിടാനുള്ള തീരുമാനത്തിന് അഴഗിരി എതിരായിരുന്നു. ഇക്കാര്യത്തില്‍ തന്നോട് ആലോചിക്കാതെ സഹോദരനും പാര്‍ട്ടിയിലെ മുന്ഗണനക്കാരനുമായ സ്റ്റാലിന്റെ അഭിപ്രായപ്രകാരം തീരുമാനമെടുത്തത് അഴഗിരിയെ ഏറെ അസ്വസ്ഥനാക്കിയിരുന്നു.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കാതെ അഴഗിരി സ്വന്തം മണ്ഡലമായ മധുരയിലേക്ക് തിരിക്കുകയായിരുന്നു. സുഖമില്ലാത്തതിനപ്പുറം മേറ്റ്ന്തെങ്കിലും കാരണം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പിന്നിലുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എക്സിക്യൂട്ടീവ് യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കുന്നുണ്ടോ എന്നന്വേഷിക്കാനായിരുന്നു അഴഗിരിയുടെ മറുപടി. ഡിഎംകെ തലവന്‍ എം. കരുണാനിധി, അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി ട്രഷററുമായ എംകെ സ്റ്റാലിന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്. ബാലു, രാജ്യസഭാ എംപി കനിമൊഴി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
യുപിഎയ്ക്കു പുറമേ നിന്ന് പിന്തുണ നല്‍കുന്നില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഡിഎംകെ നേതാവ് തിരുച്ചി ശിവ യോഗത്തിന് ശേഷം വ്യക്തമാക്കി. ലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി അമ്പഴകന് ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് പിന്നീട് നടത്തിയത്. യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഡിഎംകെ ധൃതിപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പാര്‍ട്ടിയില്‍ സഹേദരന്മാര് തമ്മില്‍ മത്സരമോ കുടുംബസ്പര്ദ്ധയോ ഇല്ലെന്നും അനുയായികളെ അമ്പഴകന് ഓര്‍മ്മിപ്പിച്ചു. യുപിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതായി അണികള്‍ക്കിടയില്‍ ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് അമ്പഴകന്റെ മുന്‍കൂര്‍ജാമ്യം.
സര്‍ക്കാരില്‍ നിന്ന് ഡിഎംകെ മന്ത്രിമാര്‍ ഒന്നിച്ച് രാജിവയ്ക്കുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും അഴഗിരി പ്രത്യേകമായാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. യുപിഎ വിടാനുള്ള തീരുമാനം തന്നോട് ആലോചിക്കാതെ എടുത്തതില്‍ പ്രതിഷേധിച്ചാണ് അഴഗിരി രാജിക്കത്ത് നല്‍കുന്നത് വൈകിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. തീരുമാനത്തില്‍ അഴഗിരിയും അനുയായികളും അതൃപ്തരാണ്. ഡിഎംകെ യുപിഎ വിട്ടതില്‍ അഴഗിരി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയോട് ക്ഷമാപണവും നടത്തിയിരുന്നു. യുപിഎ വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു അഴഗിരി സോണിയാഗാന്ധിയോട് വ്യക്തമാക്കിയത്.
ചുരുക്കത്തില്‍ യുപിഎ പ്രശ്നത്തില്‍ ഡിഎംകെ രണ്ട് തട്ടിലേക്ക് നീങ്ങുകയാണ്. സ്റ്റാലിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ച് കരുണാനിധി പ്രസ്താവന നടത്തിയതും അഴഗിരിയെ പ്രകോപിപ്പിച്ചിരുന്നു. പാര്ട്ടിനയങ്ങളിലും തീരുമാനങ്ങളിലും വിയോജിപ്പുള്ള അഴഗിരി ഇത്തവണ പ്രതിഷേധം ശക്തമാക്കുകയാണ്. സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അഴഗിരി കൂടുതല്‍ അനുയായികളെ തന്നിലേക്കടുപ്പിക്കാനുള്ള ശ്രമവും ഊര്ജ്ജിതമാക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: