ന്യൂദല്‍ഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടേയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റേയും പലിശ നിരക്ക് കുറച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചെറുകിട സമ്പാദ്യ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്കും അവരുടെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ നിന്നും ലഭിക്കുന്ന തുകയേക്കാള്‍ കുറവായിരിക്കും ഇത്. 0.1 ശതമാനം കുറവാണ് പലിശ നിരക്കില്‍ വരുത്തിയിട്ടുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 8.8 ശതമാനത്തില്‍ നിന്നും 8.7 ശതമാനമായിട്ടാണ് പലിശ നിരക്ക് കുറഞ്ഞിരിക്കുന്നത്.
ഒരു വര്‍ഷം വരെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇവ യഥാക്രമം 4 ശതമാനവും 8.2 ശതമാനവുമാണ്. അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ വരുമാന പദ്ധതികളുടെ പലിശ നിരക്ക് 8.4 ശതമാനമായിരിക്കും.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം കാലാവധിയുള്ള എന്‍ എസ് സിയ്ക്ക് 8.5 ശതമാനവും 10 വര്ഷക്കാലാവധിയുള്ളതിന് 8.8 ശതമാനവുമായിരിക്കും പലിശ നിരക്ക്. 2013-14 സാമ്പത്തിക വര്‍ഷം മുഴുവന്‍ ഈ പലിശ നിരക്ക് ബാധകമായിരിക്കും.
അതേസമയം മുതിര്‍ന്ന പൗരന്മാര്ക്കായുള്ള സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 9.3 ശതമാനത്തില്‍ നിന്നും 9.2 ശതമാനമാക്കി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: