ന്യൂദല്‍ഹി: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ സ്വന്തം നാവികരെ വിട്ടുനല്‍കാതിരുന്നത് ഇന്ത്യയുമായി വിലപേശാനുള്ള തന്ത്രമായിരുന്നുവെന്ന ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗീലിയോ മറിയാ ടെര്‍സിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിനെ പ്രതിക്കൂട്ടിലാക്കുന്നു.
ഇറ്റലിയുമായി ഞങ്ങള്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ചില കറാറുകളില്‍ ഒപ്പിട്ടതിന്റെ പേരില്‍ പ്രതികളെ ഇന്ത്യയിലേക്ക് അവര്‍ അയച്ചിട്ടുമുണ്ട്, അപൂര്‍വതകളുള്ള കേസല്ല, വധശിക്ഷ നല്‍കരുത്, ചെറിയ ശിക്ഷ നല്കി തിരികെ അയക്കാനുള്ളതാണ്, വിചരാണയ്ക്കു മുമ്പ് വിധിയുടെ ഭാവി എന്തായിരിക്കണമെന്ന കോണ്‍ഗ്രസ് തീരുമാനം ജനാധിപത്യസഭയില് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ഇന്ത്യന്‍ നിയമങ്ങളെയാണ് പരിഹസിച്ചത്.
ഇന്ത്യയുടെ പരമോന്നത കോടതിയുടെ കര്കശമായ നിലപാടുകളില്‍ ഇടപെടാനുള്ള ശ്രമമാണ് അദ്ദേഹം ഇതുവഴി നടത്തിയത്. ഇറ്റലിയുമായി ഇത്തരത്തിലുള്ള കരാറുണ്ടാക്കാന്‍ സര്‍ക്കാരിനെ ആര് അനുവദിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയോ പ്രമേയമോ അവതരിപ്പിക്കാതെ രാജ്യത്തിന്റെ എറ്റവും പ്രധാനപ്പെട്ടതും മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയ ഇത്തരത്തിലുള്ള ധാരണകള്‍ പ്രതിപക്ഷമായോ സര്‍ക്കാരിന്റേതു തന്നെയായോ കക്ഷികളുമായോ ചര്‍ച്ച നടത്തിയിട്ടല്ലെന്നാണ് ശ്രദ്ധേയം.
സുപ്രീംകോടതിയെവരെ ഇടപെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തമായി തീരുമാനങ്ങളെടുത്ത് ഉടമ്പടികളില്‍ ഏര്‍പ്പെടുകയെന്നത് ഭാവിയില്‍ രാജ്യത്തിന്റെ നയങ്ങളെ തന്നെ ബാധിക്കുന്ന ഒന്നായി മാറും. മാറി വരുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയപരമായും വ്യക്തിപരമായുമുള്ള താല്പര്യങ്ങള്ക്കനുസരിച്ച് രാജ്യ നയങ്ങളും താല്പര്യങ്ങളും രൂപീകരിക്കേണ്ടതായി വരും. ഇന്ത്യയുടെ നിയമ സംവിധാനത്തിനെ തന്നെ മൊത്തമായി ബാധിക്കുന്ന പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്. പ്രസ്താവനയേക്കാളുപരി ഉടമ്പടി രൂപീകരിച്ചതിലുള്ള താല്പര്യമാണ് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടത്. ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച സോണിയാ ഗാന്ധിയും പ്രധാനമന്ത്രിയും ഖുര്‍ഷിദിനെ പോലെ കുറ്റക്കാരാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
ഇന്ത്യന്‍ പൗരന്മാരായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പരിഗണന കിട്ടാനില്ല. ജയിലിലടക്കുന്നതിന് പകരം ഏസി മുറികളിലാണ് ഇരുവരും കേസിന്റെ തുടക്കം മുതലേ കഴിഞ്ഞിരുന്നത്. പ്രസ്താവനയിറക്കിയ ഖുര്‍ഷിദിനെതിരെ കോടതിയലക്ഷ്യ കേസുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 2002ല്‍ ടു ജി സ്പെക്ട്രം കേസില്‍ വിചാരണ കാലളവില്‍ തന്നെ എസ്സാര്‍ ഗ്രൂപ്പിന് പരസ്യമായി ക്ലീന്‍ ചിട്ട് നല്കിയ അന്നത്തെ നിയമമന്ത്രിയായിരുന്ന സല്മാന് ഖുര്‍ഷിദിനെതിരെ കോടതിയലക്ഷ്യകേസ് ഫയല്‍ ചെയ്തിരുന്നതാണ്. വിഷയം ഖുര്‍ഷിദിന്റെ പ്രസ്താവനയല്ല, പകരം കേന്ദ്ര സര്‍ക്കാര്‍ റോമിന് നല്കിയ ഉടമ്പടിയുടെ ഉദ്ദേശ്യ ശുദ്ധിയാണ്.
രണ്ടു ദിവസം മുമ്പാണ് യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്. ഇന്ത്യയോട് ആര്‍ക്കും എന്തുമാവാമെന്ന് കരുതേണ്ടെന്ന പ്രസ്താവന വന്നപ്പോഴേ ഇറ്റലിയുമായി നയതന്ത്ര ചര്‍ച്ചകളേക്കാള്‍ എന്തോ കാര്യമായ ചര്‍ച്ച നടക്കുന്നുണ്ടെന്ന വാര്‍ത്ത ദല്‍ഹിയില്‍ പരന്നിരുന്നു. ബൊഫോഴ്സ് കേസു മുതല്‍ ഹെലികോപ്ടര്‍ കോഴ ഇടപാടുവരെ ഇറ്റലിയുമായുള്ള എല്ലാ കരാറുളും അഴിമതിയുടെ വിളനിലമായിരുന്നു. എല്ലാത്തിലും ഒരു പ്രത്യേക കുടുംബത്തിന്റെ പങ്കും അടിവരയിടുന്നതായിരുന്നു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: