ന്യുദല്‍ഹി: മലാല യൂസഫ്സായിയെന്ന 15 കാരി പ്രതിസന്ധികളെ അതിജീവിച്ച് പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതപ്പടവുകള് കയറുകയാണ്. താലിബാന്‍കാരുടെ ആക്രമണത്തിന് വിധേയയായ മലാലക്ക് വേണ്ടി ലോകം ദിവസങ്ങളോളം പ്രാര്‍ത്ഥിച്ചത് ആരും മറന്നിട്ടുണ്ടാകില്ല.
ഇംഗ്ലണ്ടില്‍ നടന്ന അനേകം ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് ഈ പെണ്‍കുട്ടിക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനും സ്കൂളില്‍ പോകുവാനും അവസരം ലഭിച്ചത്.
എന്നാല്‍ ഭീകരതയുടെ ഒറ്റപ്പെട്ട ഇരയല്ല മലാല. ഭീകരാക്രമണത്തിന് ഇരയാകുന്നവര്‍ ഒട്ടേറെയുണ്ട്. ഭൂരിഭാഗവും ചികിത്സതേടിയെത്തുന്നത് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സമീപത്തേക്കും. അഫ്ഗാനിസ്ഥാന്, ഇറാക്ക്, സോമാലിയ, സുഡാന്, നൈജീരിയ രാജ്യങ്ങളില്‍ നിന്നുമാണ് ചികില്‍സക്കായി ഇന്ത്യയില്‍ എത്തുന്നത്. ശസ്ത്രക്രിയ നടത്തുന്നതിനായി യു എസും, യുറോപ്പും ഉപേക്ഷിച്ചാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്. മറ്റു രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചികില്‍സാചെലവും സാങ്കേതിക വിദ്യാ സംവിധാനവും ഇവിടെയുണ്ടെന്നതിനാലാണ് ഇവര്‍ ഇന്ത്യ തിരഞ്ഞെടുക്കുന്നത്.
മാസത്തില്‍ കുറഞ്ഞത് രണ്ടോ, മൂന്നോ കേസുകളെങ്കിലും എത്താറുണ്ട്. വികൃതമായ കവിളുകളും, കീറിപ്പറിഞ്ഞ അവയവങ്ങളും, പിളര്‍ന്ന വയറുകളുമായാണ് 50 വയസ്സുപ്രായമുള്ള അഫ്ഗാന്‍കാരനായ അജ്മല്‍ ചികില്‍സക്കായി എത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് താലിബാന് ഭീകരവാദികള്‍ വെടിവച്ചതിനെ തുടര്‍ന്ന് കണ്ണിലും മൂക്കിലും ചെവിക്കും സാരമായി പരിക്കേല്‍ക്കുകയും മുഖം വികൃതമാകുകയും ചെയ്തു. കുറച്ചുകാലം സ്വന്തം നാട്ടില്‍ ചികില്‍സ തേടി അവിടെയുള്ള ഡോക്ടര്‍മാര്‍ നിസ്സഹായരായപ്പോള്‍ വിദഗ്ധ ചികില്‍സക്കായി ദല്‍ഹിയിലേക്ക് വരുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.
2011-ല്‍ ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ ഭീകരവാദി ആക്രമണത്തില്‍ കിംങ്ങ് ഫിഷറിലെ ഉദ്യോഗസ്ഥനായ കേപ്പ്റോണ് നാഗറിന്റെ കണ്ണിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കു പറ്റി. സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം ചികില്‍സ തേടിയപ്പോള്‍ കാലുകള്‍ മുറിച്ചു മാറ്റപ്പെട്ടു. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇപ്പോള്‍ തന്റെ കാലുകള്‍ തുന്നിച്ചേര്‍ക്കുകയും കണ്ണുകള്‍ പൂര്‍ണ്ണമായും ശരിയാകുകയും ചെയ്തുവെന്ന് കേപ്പ്റോണ അഭിപ്രായപ്പെട്ടു.
കളിക്കുന്ന സ്ഥലങ്ങളിലെ കുഴിബോംബുകള്‍ പൊട്ടിയുണ്ടാകുന്ന പരിക്കുമായി കുട്ടികളെത്തുന്നത് കരളലിയിക്കുന്ന കാഴ്ച്ചയാണ്.
എട്ടും ഒമ്പതും മണിക്കൂറുകള്‍ തുടര്‍ച്ചയായി എടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്. മരവിച്ച ശരീര കലകളെടുത്ത് മറ്റൊരു നനുനനുത്ത ശരീരത്തിലെ മുറിവുകളില്‍ വച്ച് തുന്നിച്ചേര്‍ക്കുമ്പോള്‍ തെറ്റ് പറ്റാന്പാടില്ല. ഏറെ ഏകാഗ്രതയോടു കൂടിയാണ് ഒരോ ശസ്ത്രക്രിയകളും ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മലാലയെപ്പോലെ ഭീകരരുടെ ഇരകളായെത്തുന്നവരെ പുഞ്ചിരിക്കുന്ന മുഖവുമായി പറഞ്ഞയക്കുകയാണ് ഇന്ത്യയിലെ ഡോക്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: