മുംബൈ: മുംബൈസ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മൂന്നര വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ്ദത്ത് സ്വയരക്ഷക്കായി ആയുധം കയ്യില്‍ വയ്ക്കുക മാത്രമല്ല ചെയ്തതെന്ന് വെളിപ്പെടുത്തല്‍. 1993ല്‍നടന്ന സ്ഫോടന പരമ്പര ആസൂത്രണം ചെയ്തവര്‍ക്ക് രണ്ട് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. സ്ഫോടനപരമ്പരകളിലൂടെ നഗരത്തെ ആക്രമിക്കുക എന്നതായിരുന്നു ആദ്യത്തേത്.
സാമുദായിക കലാപം മുന്നില്‍കണ്ട് സ്വന്തം സമുദായത്തില്‍പ്പെട്ടവരെ വേണ്ടത്ര ആയുധവത്ക്കരിക്കുക എന്നതായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ഇതിനായി പാക്കിസ്ഥാനില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളുമടങ്ങുന്ന ആയുധസാമഗ്രികള്‍ മുംബൈയിലും ഗുജറാത്തിലുമായെത്തിച്ചു. കൂടാതെ ഒട്ടേറെ ചെറുപ്പക്കാരെ പാക്കിസ്ഥാനിലയച്ച് ആയുധപരിശീലനവും നല്‍കിയിരുന്നു. ഇരുപത് വര്‍ഷം മുമ്പ് നടന്ന സ്ഫോടനക്കേസില്‍ അന്വേഷണം നടത്തിയ ചില ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ റായ്ഗഢിലും ഗുജറാത്തിലുമായാണ് പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളെത്തിയത്. പിന്നീട് ഗുജറാത്തില്‍ നിന്ന് ഒരു വാഹനത്തിന്റെ രഹസ്യ അറയിലാക്കി ഈ ആയുധങ്ങള്‍ റോഡ് മാര്‍ഗം മുംബൈയിലെത്തിച്ചു. അബു സലീമായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. ബാന്ദ്രയിലെ ലിങ്കിംഗ് റോഡില്‍ ഹനീഫ് കദ്വാലയുടെയും സമീര്‍ ഹിംഗോറയുടെയും ഉടമസ്ഥതയിലുള്ള മാഗ്നം പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ സൂക്ഷിക്കാനായിരുന്നു ആദ്യതീരുമാനം. അധോലോക നായകന് ദാവൂദ് ഇബ്രാഹിമാണ് ഇതിന് വേണ്ടസൗകര്യം ചെയ്ത് കൊടുക്കണമെന്ന് കദ്വാലയോടും ഹിംഗോറയോടും ആവശ്യപ്പെട്ടത്.എന്നാല്‍ ഓഫീസ് സംബന്ധമായ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഇരുവരും റിസ്ക്ക് ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാകുകയും നടന് സഞ്ജയ് ദത്തിന്റെ വസതി നിര്‍ദ്ദേശിക്കുകയുമായിരുന്നു. ദത്ത് ഇക്കാര്യം സമ്മതിക്കുകയും അബുസലീമിനോടൊപ്പം ഹിംഗോറയും ദത്തിന്റെ വീട്ടിലെത്തി ആയുധങ്ങള്‍ സൂക്ഷിക്കാന്‍ സുരക്ഷിത താവളമൊരുക്കുകയുമായിരുന്നു.
92-93 ലെ മുംബൈകലാപത്തിന് ശേഷം സഞ്ജയ്ദത്തിന്റെ വസതിക്ക് മുംബൈ പോലീസ് കാവലേര്പ്പെടുത്തിയിരുന്നു. സുരക്ഷാജീവനക്കാരെ മറ്റൊരിടത്തേക്ക് മാറ്റിയാണ് ആയുധം നിറച്ച വാഹനം അകത്ത് പ്രവേശിപ്പിച്ചത്. ഗ്രനേഡും തോക്കുകളും ഉള്‍പ്പെടെയുള്ളവ സഞ്ജയ്ദത്തിന്റെ വസതിയില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഗ്രനേഡ് ഇത്തരത്തില്‍ സൂക്ഷിക്കുന്നതിന്റെ അപകടമോര്‍ത്ത് അവ നീക്കം ചെയ്യണമെന്ന് ദത്ത് പിന്നീട് ആവശ്യപ്പെട്ടു.
ഹിംഗോറയും കദ്വാലയും അറസ്റ്റിലായതോടെ സ്ഫോടനത്തില്‍ സഞ്ജയ്ദത്തിന്റെ പങ്കും പോലീസിന് വ്യക്തമായി. എന്നാല്‍ ഈ സമയം ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദത്ത് മൗറീഷ്യസിലായിരുന്നു.അദ്ദേഹം തിരിച്ചെത്തും വരെ ഇക്കാര്യം രഹസ്യമായിസൂക്ഷിക്കാനായിരുന്നു പോലീസിന്റെ തീരുമാനം. അതേസമയം ഇക്കാര്യം എങ്ങനെയോ മണത്തറിഞ്ഞ ഒരു മാധ്യമത്തില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നതോടെ സഞ്ജയ്ദത്ത് പരിഭ്രാന്തനാകുകയും തന്റെ അടുത്ത സുഹൃത്തായ യൂസഫ് നള്വാലയോട് ആയുധങ്ങള്‍ ഉടന്‍ നീക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയായിരുന്നു. ദത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് നള്‍വാല ആയുധങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ അതിന് കഴിയാതെ വന്ന എ.കെ.-56 തോക്കുകള്‍ തിരികെ സഞ്ജയ്ദത്തിന്റെ വസതിയിലെത്തിക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയും ദത്ത് അറസ്റ്റിലാകുകയുമായിരുന്നെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
സ്വയം രക്ഷക്കായി ആയുധം സൂക്ഷിച്ചെന്ന സഞ്ജയ് ദത്തിന്റെ വാദം തെറ്റാണെന്നും ദത്തും അനീസും തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഗ്രനേഡുകള്‍ നീക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായുള്ള ബന്ധവും ആയുധങ്ങള്‍ സൂക്ഷിച്ചതിന്റെ കൃത്യമായ തെളിവുകളുമുണ്ടായിട്ടും ജനം കരുതുന്നത് വെറുമൊരു തോക്ക് സൂക്ഷിച്ചതിനാണ് ദത്തിനെ കോടതി ശിക്ഷിച്ചതെന്നാണെന്നും ഈ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം വിചാരണക്കോടതിയും സുപ്രീംകോടതിയും ദത്തിനെതിരെ ഭീകരതാകുറ്റം ചുമത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: