ലക്നൗ: മകന് അഖിലേഷ് യാദവ് നയിക്കുന്ന ഉത്തര്‍പ്രദേശ് മന്ത്രിസഭയെ രൂക്ഷമായി വിമര്‍ശിച്ചും ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ പ്രശംസിച്ചും മുലായം സിംഗ്. സ്തുതിപാഠകരായ മന്ത്രിമാരെ നിലക്കുനിര്‍ത്തി മികച്ച ഭരണകര്ത്താവാകാനാണ് അഖിലേഷ് ശ്രമിക്കേണ്ടതെന്ന് മുലായം തുറന്നടിച്ചു. രാംമനോഹര്‍ ലോഹ്യയുടെ 103-ാം ജന്മദിനവാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലെ ചില മന്ത്രിമാരെക്കുറിച്ച് ബിജെപി നേതാവ് എല്‍.കെ. അദ്വാനി വ്യക്തിപരമായി പരാതി രേഖപ്പെടുത്തിയതായി മുലായംസിംഗ് വ്യക്തമാക്കി. മുതിര്‍ന്ന രാഷ്ട്രീയനേതാവായ അദ്വാനിയുടെ വിശ്വസ്തതയെ ബഹുമാനിക്കുന്നതായും അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും എസ്പി നേതാവ് വിശദീകരിച്ചു.
സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ വിശ്രമത്തിനും വിനോദത്തിനും മുഖസ്തുതി പറയുന്നതിനും മാത്രമായി സമയം ചെലവഴിച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. പോലീസ്സ്റ്റേഷനുകളും താലൂക്കാഫീസുകളുമാണ് അഴിമതിയുടെ പ്രധാന കേന്ദ്രങ്ങളെന്നും മുലായം ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് സമാജ്വാദി പാര്‍ട്ടി നേതാവ് ഉയര്‍ത്തിയത്. രാജ്യത്ത് അഴിമതി വര്‍ധിക്കുന്നതിന് കാരണംതന്നെ കോണ്‍ഗ്രസാണെന്നും രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നും മുലായം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: