പാറ്റ്ന: കേരള സമുദ്രാതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര ഉറപ്പിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കുകയോ അവരെ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി വെളിപ്പെടുത്തിയതായി ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
കോടതിയുടെ ചുമതല മുന്‍കൂറായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ നിയമം സര്‍ക്കാരിന്റെ ഇഷ്ടത്തിനനുസരിച്ച് ഏകപക്ഷീയമായി പ്രയോഗിക്കാവുന്നതാണോ ? ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാവികരുടെ വിഷയത്തില്‍ സ്വന്തം ഭാഗം ന്യായീകരിച്ച ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ദെ മിസ്റ്റുറ നയതന്ത്ര പ്രതിസന്ധി ഒഴിവാക്കണമെന്നും പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തില്‍ പരിഹാരം കണ്ടെത്തിയെന്നും പരിഹാരം കത്തിന്റെ രൂപത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇറ്റലിക്കു കൈമാറിയെന്നുമാണ് മിസ്റ്റുറ വെളിപ്പെടുത്തിയത്. കത്ത് വളരെ ക്രിയാത്മകമാണ്. ഈ കേസില്‍ നാവികര്‍ക്ക് ഒരിക്കലും വധശിക്ഷ നല്‍കില്ലെന്ന് കത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ഇവിടെ നിന്നും കൊണ്ടുപോയതുപോലെ നാവികരെ തിരികെയെത്തിക്കണമെന്നു മാത്രമാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നു മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ ഉറപ്പിനുപുറമെ താത്കാലിക നടപടികള്‍ ആവശ്യമാണെന്നും നാവികരോട് നല്ല രീതിയില്‍ പെരുമാറണമെന്നും മിസ്റ്റുറ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ രാത്രിമുഴുവനും യാത്രചെയ്താണ് സമയത്തിന് ഇവിടെ എത്തിയതെന്നും നാവികര്‍ ഇപ്പോള്‍ ഇറ്റാലിയന്‍ എംബസിയിലുണ്ടെന്നും അനുവദിച്ച സമയപരിധി തീരുംമുമ്പ് എത്തിയതായും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ മുമ്പ് എവിടെയാണോ നിന്നിരുന്നത് അവിടെ നിന്നും വീണ്ടും ആരംഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിട്ടുപോകരുതെന്നും അത് ഉറപ്പുവരുത്താന്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും വിവിധവകുപ്പുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വിയന്ന കണ്‍വെന്‍ഷനിലെ ഉടമ്പടി അനുസരിച്ച് തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയെന്ന് അംബാസഡര്‍ മാന്‍സിനി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ അംബാസഡറുടെ വാക്കുകള്‍ സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നും നേരത്തെ പറഞ്ഞ വാക്കു മാറ്റിയതിനാല്‍ അദ്ദേഹത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
ഇറ്റാലിയന്‍ അധികൃതര്‍ കോടതിയില്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ തന്റെ സര്‍ക്കാരിന് അസ്വീകാര്യമാണെന്നും അവര്‍ എല്ലാ നയതന്ത്ര ഉടമ്പടികളും ലംഘിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇരുവരും ഇന്ത്യന്‍ കോടതിയില്‍ നടക്കുന്ന വിചാരണ നേരിടണമെന്നാണ് സര്‍ക്കാര്‍ നയം. അവര്‍ വാക്കുപാലിച്ചില്ലെങ്കില്‍ അത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിന് ദോഷം ചെയ്യുമെന്നും അതിന്റെ അന്തരഫലം നേരിടാന്‍ ഇറ്റലി തയ്യാറാകണമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: