ന്യൂദല്‍ഹി: രാഷ്ട്രീയക്കാര്‍ മികച്ച ഭരണവും ഉത്തരവാദിത്വവും സുതാര്യതയും ജനങ്ങളിലെത്തിക്കാനായി നവീന സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. “ഇന്റര്‍നെറ്റ് ഒരു നല്ല ഉപാധിയാണ്. സാധാരണപൗരന്മാര്‍ക്ക് ഇപ്പോള്‍ നേരിട്ട് നയരൂപീകരണങ്ങളില്‍ ഇടപെടാന്‍ കഴിയുന്നു.” ഇന്റര്‍നെറ്റിലെ ഭീമന് സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മോദി പറഞ്ഞു.
ഇന്റര്‍നെറ്റ് ജനങ്ങളെ വളരെയധികം സ്വാധീനിച്ചു കഴിഞ്ഞു. ഇത് ജനങ്ങളെയും നേതാക്കളെയും സര്‍ക്കാരിനെയും പരസ്പരം ബന്ധപ്പെടുത്തുന്നു. മുമ്പ് രാഷ്ട്രീയക്കാര്‍ തങ്ങളുടെ കാഴ്ചപ്പാട് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുമായിരുന്നു. ഇന്നങ്ങനെയല്ല, കാലത്തിനനുസരിച്ച് നവീനമായവ പരസ്പരം പങ്കുവയ്ക്കുന്നതായി ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
ഭരണതലത്തില്‍ പൗരന്മാര്ക്ക് ഇന്ന് നേരിട്ടിടപെടാന്‍ കഴിയുന്നു. മുമ്പ് ഇത് അഞ്ച് വര്‍ഷത്തിലൊരിക്കലോ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിലോ മാത്രമായിരുന്നു. ഇന്റര്‍നെറ്റ് സത്യത്തില്‍ പൗരന്മാരെ ശരിക്കും സ്വാധീനിച്ചു കഴിഞ്ഞു. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.
ഇന്ന് ജനങ്ങളുടെ ഘോഷവും സ്വപ്നങ്ങളും ആരുമായും ബന്ധപ്പെടുത്താന്‍ അത്യാധുനിക സാങ്കേതികവിദ്യകളുണ്ടെന്ന് മോദി വ്യക്തമാക്കി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി 3 ഡി ഹോളോഗ്രാഫിക് പ്രദര്‍ശനം ഉപയോഗപ്പെടുത്തിയിരുന്നു. ഇത് പുതിയ നഗരചത്വരമാണ്. ഇതിനെ നമുക്ക് “നുക്കാട്” എന്ന് വിളിക്കാം. പൗരന്മാര് ഇന്ന് ഇന്റര്‍നെറ്റ് പൗരന്മാരായി മാറിയിരിക്കുകയാണ്. ഇത് ചരടില്‍ കോര്‍ത്ത പൊതുസമൂഹമാണ്. അതിനാല്‍ സാങ്കേതിക വിദ്യകള്‍ കൂടുതലായി പ്രയോഗിക്കുമ്പോള്‍ ഉത്തരവാദിത്വവും സുതാര്യതയും കൂടുകയും ഒപ്പം മികച്ച ഭരണവും സാധ്യമാകുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ഈ നേട്ടങ്ങള്‍, വിവര-ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണക്കാരന്റെ ആവലാതി എങ്ങനെ പരിഹരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക പോലും ഈ ശ്രമങ്ങളെ അഭിനന്ദിക്കുകയും ഏറ്റവും നല്ല പൊതുജന സേവനത്തിനുള്ള പുരസ്കാരം സംസ്ഥാനത്തിന് ഉറപ്പുവരുത്തുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ നിരക്ഷരര്‍ പഠിക്കാന്‍ കഴിയാത്തവര്‍, പഠിപ്പില്ലാത്തവര്, വീണ്ടും പഠിക്കുന്നവര്‍ എന്നിവരായിരിക്കുമെന്ന ഭവിഷ്യവാദി ആല്വിന് ടോഫ്ലറുടെ വാക്കുകള്‍ കടമെടുത്ത് മോദി വ്യക്തമാക്കി. ഇത് രാഷ്ട്രീയക്കാര്ക്കായിരിക്കും കൂടുതല്‍ ചേരുക. ഇന്ത്യയെപ്പോലൊരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ വിവരസാങ്കേതിക വിദ്യക്ക് വളരെ പ്രാധാന്യമുണ്ട്. രാഷ്ട്രീയ വിഭാഗങ്ങള്‍ക്ക് സാങ്കേതികവിദ്യ തീര്‍ച്ചയായും വെല്ലുവിളി തന്നെയായിരിക്കും, അദ്ദേഹം പറഞ്ഞു.
എന്തായാലും രാഷ്ട്രീയക്കാര്‍ പുതിയ ഏത് സാങ്കേതികവിദ്യ പ്രചാരത്തിലെത്തിയാലും ഉടന്‍ അത് പഠിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും വേണം. അത് മൈക്രോഫോണായാലും ചലിക്കുന്ന ചിത്രങ്ങളായാലും ടെലിവിഷനായാലും ശരി. സാങ്കേതികവിദ്യ രാഷ്ട്രീയത്തില്‍ പര്യായപദമായിരിക്കുകയാണ്. മാത്രമല്ല അത് രാഷ്ട്രീയത്തെ അടിസ്ഥാനപരമായി പുനര്നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ സര്‍ക്കാര്‍ ഭരണനിര്‍വഹണത്തിനും നയങ്ങള്‍ നടപ്പാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വനങ്ങളുടെ ഭൂപടവും മറ്റും നിര്‍മിക്കാനും ആശുപത്രികള്‍ക്കായി ഭൂമി നല്‍കാനും ഗുജറാത്തില്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗപ്പെടുത്തുന്നുണ്ട്. ജലവിനിയോഗത്തിന് ഈ വിദ്യ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനവും ഗുജറാത്താണ്. തങ്ങള്‍ക്ക് എല്ലാ ഗ്രാമങ്ങളുമായി ബന്ധപ്പെടാന്‍ ഇ-ഗ്രാമ, വിശ്വ ഗ്രാമ എന്നീ പദ്ധതികളുണ്ട്. അടുത്തകാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ മനുഷ്യജീവന് നഷ്ടപ്പെടാതെ രക്ഷപ്പെടുത്താന്‍ ദുരിതനിവാരണ പദ്ധതിയിലും ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയതിലൂടെ സാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഗുജറാത്ത് ഒരുപടി മുന്നിലാണ്. ഇവിടെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഒഴിവാക്കി പകരം ഇ-വോട്ടിംഗ് സമ്പ്രദായം കൊണ്ടുവന്നിട്ടുണ്ട്. സാങ്കേതികവിദ്യ നല്ലതോ ചീത്തയോ എന്ന ഗണത്തില്‍പ്പെടുത്താവുന്നതല്ല. നമ്മള് അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യന്‍ ടാലന്റ് + ഇന്‍ഫര്‍മേഷന്‍ ടെക്നോളജി = നാളത്തെ ഇന്ത്യ എന്ന പുതിയ സൂത്രവാക്യവും മോദി ഇതോടൊപ്പം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: