ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദി ചലച്ചിത്രതാരം സഞ്ജയ്ദത്തിനെ വെറുതെ വിടണമെന്നും അത് പാടില്ലെന്നുമുള്ള വാദങ്ങള്‍ ശക്തമായി.
പ്രസ് കൗണ്‍സില്‍ ചീഫ് മാര്‍ക്കണ്ഡേയ കട്ജു സഞ്ജയ്ദത്തിനെ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന പക്ഷക്കാരനാണ്. പ്രശ്നം മഹാരാഷ്ട്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഗവര്‍ണര്‍ ദത്തിന് മാപ്പ് നല്‍കണമെന്നുമാണ് കട്ജുവിന്റെ ആവശ്യം. ഇതിനെ പിന്തുണക്കുന്ന തീരുമാനമാണ് നിയമമന്ത്രി അശ്വിനി കുമാറിനുമുള്ളത്.
സഞ്ജയ് ദത്ത് അപ്പീല്‍ നല്കിയാല് അദ്ദേഹത്തിന് മാപ്പ് നല്‍കാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ടെന്ന് അശ്വിനി കുമാര്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ കക്ഷികളും ഈ പ്രശ്നത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതോടെ ചര്‍ച്ച കൊഴുക്കുകയായിരുന്നു.
സഞ്ജയ് ദത്തിന് മാപ്പ് നല്‍കാമെന്ന നിര്‍ദ്ദേശത്തെ ബിജെപി എതിര്‍ത്തു. അത്തരം ഒരു നടപടിയുണ്ടായാല്‍ അത് തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
എന്നാല്‍ സമാജ്വാദി പാര്‍ട്ടിയിലെയും എന്‍സിപിയിലെയും നേതാക്കള്‍ പ്രസ്കൗണ്‍സില്‍ ചീഫ് കട്ജുവിന്റെ അഭിപ്രായത്തെ പിന്തുണച്ചു. ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി കട്ജുവിന്റെ അഭിപ്രായത്തെ എതിര്‍ത്തു. മുതിര്‍ന്ന ബിജെപി നേതാവ് ബല്‍ബീര്‍ പുഞ്ചും കട്ജുവിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് താരമായ സഞ്ജയ്. ഈ കേസില്‍ ശിക്ഷ ഇളവ് ചെയ്ത് നല്കിയാല് അത് തെറ്റായ ധാരണ സമൂഹത്തില്‍ ഉണ്ടാക്കും. ധനികര്‍ക്ക് മാപ്പ് ലഭിക്കാനുള്ള അര്‍ഹതയായി അതിനെ വിലയിരുത്തുന്നവര്‍ ശിക്ഷ പാവങ്ങള്‍ക്ക് മാത്രമാണെന്ന് ആരോപിക്കും. ഈ ധാരണ ഒഴിവാക്കാനാകില്ലെന്നും പുഞ്ച് പറഞ്ഞു.
ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി ഈ പ്രശ്നത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹിന്ദി ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടതോടെ പൊതു അഭിപ്രായം പാര്ട്ടിക്കെതിരാകാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത്.
പ്രശ്നത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഇക്കാര്യത്തില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. അതിനിടെ, പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സഞ്ജയ് ദത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: