തിരുവനന്തപുരം: ടിവി ചാനലുകളുടെ റിയാലിറ്റിഷോകള്‍ക്കും അശ്ലീലചുവയുള്ള പരസ്യങ്ങള്‍ക്കും സഭ്യമല്ലാത്ത വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ മാത്രമെ നിര്‍വാഹമുള്ളുവെന്നും മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ ചോദ്യത്തിനു മറുപടി നല്കി. ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന വാര്‍ത്തകളെയും മറ്റു പരിപാടികളെയുംകുറിച്ചുള്ള പരാതികള്‍ പരിശോധിക്കുന്നതിന് കേന്ദ്രനിര്‍ദേശപ്രകാരം സംസ്ഥാന ജില്ലാതലങ്ങളില്‍ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പിആര്‍ഡി വഴി 88,70,15,154രൂപ പരസ്യഇനത്തില്‍ ചെലവഴിച്ചതായി മന്ത്രി കെ.സി.ജോസഫ് ജെയിംസ് മാത്യുവിനെ അറിയിച്ചു. അച്ചടിവിഭാഗത്തില്‍ 78,28,39,093രൂപയും ഇലക്ട്രോണിക് വിഭാഗത്തില്‍ 10,41,76,061രൂപയുമാണ് ചെലവഴിച്ചത്. പിആര്‍ഡി വഴിയാണ് റിലീസ് ചെയ്യുന്നതെങ്കിലും പരസ്യക്കൂലി അതാത് സ്ഥാപനങ്ങള്‍ തന്നെ വഹിക്കുന്നതിനാല്‍ പരസ്യം നല്കുന്ന ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 48,88,79,475രൂപ അച്ചടിമാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 28,27,54,218രൂപ മുന്‍സര്‍ക്കാരിന്റെ കാലത്തെ കുടിശികയാണ്. 10,07,54,889രൂപ ഇലക് ട്രോണിക് മാധ്യമങ്ങള്‍ക്കും നല്കി. ഇതില്‍ 1,52,29,000രൂപ മുന്‍സര്‍ക്കാരിന്റെ കാലത്തെ കുടിശികയാണ്. ഇനി 57,67,13,854രൂപ അച്ചടിവിഭാഗത്തിലും 1,86,50,172രൂപ ഇലക്ട്രോണിക് വിഭാഗത്തിലും കൊടുത്തുതീര്‍ക്കാനുണ്ട്. പിആര്‍ഡി 222 ആനുകാലിക പ്രസിദ്ധീകരണങ്ങളെയാണ് മീഡിയാലിസ്റ്റില് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് പ്രതിദിനം നാലു മുതല്‍ അഞ്ചുലക്ഷം ലിറ്റര്‍ വരെ പാല് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലെത്തിച്ചേരുന്നതായി മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. പ്രതിദിനം 85ലക്ഷം ലിറ്റര്‍ പാല് ആവശ്യമായിവരുന്ന കേരളത്തില്‍ 80.45ലക്ഷം ലിറ്റര്‍ പാലാണ് ഉല്പാദിപ്പിക്കുന്നത്. പ്രതിദിനം 4.46ലക്ഷം ലിറ്ററിന്റെ വ്യത്യസമാണ് ആഭ്യന്തര ഉല്പ്പാദനത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ ചില ക്ഷീരസഹകരണസംഘങ്ങളും എറണാകുളം, ഇടുക്കി ജില്ലകളിലെ അന്യാര്ത്തൊളു, മൂരിക്കടി, പടിഞ്ഞാറെചക്കുപള്ളം, കമ്പംമേട്ട് ക്ഷീരസംഘങ്ങളും മലബാര്‍ മേഖലയിലെ ചില സംഘങ്ങളും തമിഴ്നാട്ടില്‍ നിന്നും പാല് സംഭരിച്ച് മില്‍മയ്ക്കു നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പാല്‍സംഭരണം നിര്‍ത്തിയിട്ടുണ്ട്.
വ്യാജക്ഷീരകര്ഷകരുടെ പേരില്‍ ഇങ്ങനെ പാല് സംഭരിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി പാലക്കാട് ഡെപ്യൂട്ടി ഡയറക്റ്ററെ ചുമതലപ്പെടുത്തി. സംഘങ്ങളില്‍ ഇരുപത് ലിറ്ററില്‍ കൂടുതല്‍ പാല് അളക്കുന്ന കര്‍ഷകരുടെ വീടുകളില്‍പ്പോയി പശുക്കളുടെ എണ്ണം പരിശോധിക്കുകയും പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് പാല് ഇറക്കുമതി ചെയ്യുന്നതിന് ക്ഷീരവികസനവകുപ്പ് അനുമതി നല്‍കിയിട്ടില്ലെങ്കിലും പാലിന്റെ ആഭ്യന്തരഉപഭോഗം കൂടുന്ന അവസരങ്ങളില്‍ മില്‍മ തമിഴ്നാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും പാല് സംഭരിച്ചുവരുന്നുണ്ട്. പ്രതിദിനം 2,46,301ലിറ്റര്‍പാലാണ് തമിഴ്നാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനില്‍നിന്ന് മില്‍മ വാങ്ങുന്നത്.
തിരുവനന്തപുരം, എറണാകുളം മേഖലായൂണിയനുകളിലെ ഡയറികളിലാണ് ഇത്തരം പാല് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: