കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്രപുനരധിവാസം ആവശ്യപ്പെട്ട് പുതിയ ബസ്സ്റ്റാണ്റ്റ് പരിസരത്ത് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. സമരസമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും രേഖാമൂലം ഉറപ്പുകിട്ടാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗത്തിനുശേഷം അറിയിക്കുമെന്ന് മന്ത്രി കെ.പി.മോഹനന് പറഞ്ഞു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്, ഡോ.അംബികാസുതന്‍ മാങ്ങാട്, സുല്‍ഫത്ത്, മുനീസ.എല്‍, ടി.ശോഭന എന്നിവരാണ് സമരസമിതിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. മന്ത്രിമാരായ കെ.പി.മോഹനന്, വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍, എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന് (ഉദുമ), കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂറ്‍), പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്, വി.എം.സുധീരന്, കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.കെ.സുധീര്‍ബാബു, എന്‍ആര്‍എച്ച്എം ജില്ലാ കോര്‍ഡിനേറ്റര്‍, ഡോ.മുഹമ്മദ് അഷീല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇരകളുടെ പുനരധിവാസ പദ്ധതികള്‍ അഞ്ചുവര്‍ഷം കൊണ്ട് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, അര്‍ഹരായ മുഴുവന്‍ രോഗികളെയും പട്ടികയിലുള്‍പ്പെടുത്തുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക, മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, ധനസഹായം മുഴുവന്‍ ഇരകള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഇതില്‍ അഞ്ച് വര്‍ഷം കൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന ഉറപ്പ് മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. മറ്റുആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമായിരുന്നു മറുപടി. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന് സമരസമിതിയും വ്യക്തമാക്കി. സമരം തുടരുമെന്നും ഇന്ന് സമരപ്പന്തലില്‍ വെച്ച് നടക്കുന്ന സംഘടനാ യോഗത്തിനുശേഷം തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കുമെന്നും സമരക്കാര്‍ പറഞ്ഞു. 25ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സര്വ്വകക്ഷിയോഗത്തനുമുന്നോടിയായാണ് ഇന്നലെ സമരക്കാരുമായി ചര്‍ച്ച നടന്നത്. ജില്ലയിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ 25ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. അനിശ്ചിതകാല നിരാഹാര സമരം ഇന്നലെ ൩൧ ദിവസം പിന്നിട്ടു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്ത്തകന് മോഹന്‍കുമാര്‍ ആശുപത്രിയില്‍ 18-ാം ദിവസവും നിരാഹാരം തുടരുകയാണ്. ഗ്രോവാസു, മോയിന്‍ബാപ്പു എന്നിവര്‍ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമരസമിതിയുടെ ആവശ്യങ്ങള്‍ മുഴുവന്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. 25ന് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: