ബംഗളൂരു: കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയുടെ കുടുംബം ഭൂമി കയ്യേറിയെന്ന് വെളിപ്പെടുത്തല്‍. മൊയ്ലിയുടെ കുടുംബം നേതൃത്വം നല്കുന്ന കിസാന്‍ മഹാസഭ ട്രസ്റ്റാണ് കര്‍ക്കല നഗരത്തിലെ 20 സെന്റ് വരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറിയതെന്ന് ബിജെപി സംസ്ഥാന യുവജനവിഭാഗം പ്രസിഡന്റ് സുനില്‍കുമാര്‍ ആരോപിച്ചു. മാത്രമല്ല മൊയ്ലി മുഖ്യമന്ത്രിയായിരുന്ന 1995-96 കാലത്ത് ഗോമാല്‍ ഭൂമി ഇദ്ദേഹം അനധികൃതമായി ട്രസ്റ്റിന് കൈമാറിയെന്നും പുകയില കമ്പനിയായ ഐടിസിയില്‍ നിന്നും ട്രസ്റ്റ് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും കര്‍ക്കലയിലെ മുന്‍ എംഎല്‍എ കൂടിയായ സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.
മൊയ്ലിയുടെ മകന് ഹര്‍ഷ മൊയ്ലി, മകള്‍ സുഷമ, ഭാര്യ മാലതി മൊയ്ലി എന്നിവരാണ് കിസാന്‍ മഹാസഭ ട്രസ്റ്റിലെ അംഗങ്ങള്‍. കര്‍ക്കല താലൂക്കിലെ കുക്കുണ്ടര് ഗ്രാമപഞ്ചായത്തില്‍ ട്രസ്റ്റ് ഒരു ഡിഇഡി കോളേജ് നടത്തുന്നുണ്ട്. ട്രസ്റ്റ് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവര്‍ കനത്ത സംഭാവന പിരിക്കുന്നുണ്ടെന്നതാണ് സത്യം. ഈ രണ്ട് ഭൂമിയിടപാടുകളിലും ട്രസ്റ്റ് നയാപൈസ നികുതി അടച്ചിട്ടില്ല. കഴിഞ്ഞ പതിമ്മൂന്ന് വര്‍ഷങ്ങളായി പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും ട്രസ്റ്റ് നികുതി അടയ്ക്കുന്നില്ല. ഇത്രയും വലിയ അഴിമതി നടത്തിയ വീരപ്പ മൊയ്ലി മന്ത്രിസ്ഥാനം രാജിവച്ച് സത്യം തെളിയിക്കുന്നതുവരെ രാഷ്ട്രീയത്തില്‍ നിന്നുതന്നെ മാറിനില്‍ക്കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ട്രസ്റ്റ് കര്‍ക്കലയില്‍ നടത്തുന്ന കമ്മ്യൂണിറ്റി ഹാള്‍ നിലനില്‍ക്കുന്നത് അരയേക്കറിലധികം ഭൂമിയിലാണ്. ഈ ഭൂമിക്കും കര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ട്രസ്റ്റ് നികുതി അടയ്ക്കുന്നില്ല. സുനിര്‍കുമാര്‍ ചൂണ്ടിക്കാട്ടി.
മൊയ്ലി രാജിവയ്ക്കാന്‍ വിമുഖത കാട്ടിയാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കുമാര്‍ പറഞ്ഞു. അതേസമയം മൊയ്ലിയുടെ കുടുംബം റിലയന്‍സ് ഗ്രൂപ്പില്‍ നിന്നും കുടുംബസ്ഥാപനത്തിലേക്ക് ആറുകോടി രൂപയുടെ അനധികൃത വായ്പ എടുത്തിരിക്കുകയാണെന്ന ആരോപണവുമായി ബിജെപി വക്താവ് അശ്വത്ഥ് നാരായണനും രംഗത്തെത്തി.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച മൊയ്ലി തന്റെ മകന് ഇതിനൊക്കെ മറുപടി നല്‍കിക്കഴിഞ്ഞതായി വ്യക്തമാക്കി. തന്റെ മകനും കുടുംബവും നേതൃത്വം നല്കുന്ന സന്നദ്ധ സംഘടന ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നതാണ്. ഇപ്പോള്‍ ലഭ്യമായ പണം ട്രസ്റ്റ് ഏറ്റെടുത്തിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാനുള്ളതാണ്. ഇതില്‍ അഴിമതിയൊന്നുമില്ല. ഇതിനൊക്കെ കണക്കുകളുണ്ടെന്നും മൊയ്ലി വാര്‍ത്താചാനലിനോട് സംസാരിക്കവെ പ്രതികരിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് അനന്തരവി തന്റെ മോക്ഷ യുഗ അക്സസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉപദേശകനാണെന്ന് ഹര്‍ഷ മൊയ്ലി വെളിപ്പെടുത്തി. 1999 മുതല്‍ അനന്തരവി ഉപദേശകനായിരുന്നു. എന്നാല്‍ 2012 ആഗസ്റ്റ് മുതല്‍ ഇദ്ദേഹത്തെ ഉപദേശകസമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മൊയ്ലി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നതിന് മുമ്പ് 2008ല്‍ തന്റെ കമ്പനി നിക്ഷേപകരില്‍ നിന്നും പണം സ്വീകരിക്കുന്നുണ്ടെന്നും ഹര്‍ഷ വ്യക്തമാക്കി.
എന്നാല്‍ ഹര്‍ഷ സുഹൃത്ത് സുധീറിനയച്ച ഇ-മെയില്‍ പരിശോധിച്ചാല്‍ അഴിമതിയുടെ നേര്‍ചിത്രം തെളിയുമെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. വീരപ്പ മൊയ്ലി കിസാന്‍ സഭ ട്രസ്റ്റിന് വേണ്ടി ഐടിസിയുമായി സംസാരിച്ച് അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഫണ്ട് ശരിയാക്കിയിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അടിയന്തരമായി നിര്‍വഹിക്കണമെന്നുമാണ് ഇ-മെയിലില്‍ ഉള്ളത്.
മെയില്‍ അയച്ചിരിക്കുന്നത് വീരപ്പ മൊയ്ലിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്നുമാണ്. മെയിലില്‍ വിഷയ വിവരമായി നല്‍കിയിരിക്കുന്നത് ക്യാപിറ്റല്‍ ബജറ്റ് ഫോര്‍ കിസാന്‍ സഭാ ട്രസ്റ്റ് ഫോര്‍ ഫണ്ടിംഗ് എന്നാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: