ന്യൂദല്‍ഹി: കടല്‍ വെടിവയ്പ്പ് കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യയിളവ് നേടി നാട്ടില്‍ പോയ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തേണ്ട തീയ്യതി ഇന്നവസാനിക്കും. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സുപ്രീംകോടതി അനുവദിച്ച നാലാഴ്ച്ചത്തെ സമയം അവസാനിക്കുന്നത്. കോടതി അനുവദിച്ച 22ന് മുമ്പ് പ്രതികളായ മാസിമിലിയാനോ ലറ്റോറേ, സാല്‍വറ്റോര്‍ ജിറോണെ എന്നിവരെ ഇന്ത്യയിലെത്തിക്കണമെന്ന് കോടതി അന്ത്യശാസനവും നല്‍കിയിരുന്നു.
സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്റെ വരെ ഇടപെടലുണ്ടായ സാഹചര്യത്തില്‍ നാവികര്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് കരുതുന്നില്ല. ഏപ്രില്‍ രണ്ടിനാണ് കേസ് വീണ്ടും സുപ്രീംക്കോടതി പരിഗണിക്കുന്നത്. എന്നാല്‍ നാവികര്‍ തിരിച്ചെത്തില്ലെന്ന് ഇറ്റലി അറിയിച്ചതിനെ തുടര്‍ന്ന് നാവികര്‍ക്കായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ ഇറ്റാലിയന്‍ സ്ഥാനപതിയോട് അനുമതി കൂടാതെ ഇന്ത്യവിടരുതെന്ന് ഉത്തരവിട്ടിരുന്നു. അതേസമയം, പ്രതികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്സിനിക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സുപ്രീം കോടതി നിര്‍ബന്ധിതമാകും.
പ്രതികള്‍ നാട്ടിലെത്തി വോട്ട് ചെയ്ത് നാലാഴ്ച്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കാമൊണ് സ്ഥാനപതി കോടതിയില്‍ ഉറപ്പ് നല്‍കിയത്. ഉറപ്പ് ലംഘിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ തനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് പറഞ്ഞ് ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കാനാണ് മാന്‍സിനി ശ്രമിച്ചത്. എന്നാല്‍ സത്യവാങ്മൂലം നല്‍കിയതിലൂടെ സ്ഥാനപതി ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമാണെന്ന് സ്വയം പ്രഖ്യാപിച്ചെന്നും നയതന്ത്ര പരിരക്ഷ മാന്‍സിനിക്ക് ബാധകമായിരിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പ്രതികളെ തിരിച്ചെത്തിക്കാത്തത് വഴി കോടതിയെ സ്ഥാനപതി വഞ്ചിച്ചെന്നും കോടതി പറഞ്ഞു.
പ്രതികളെ പറഞ്ഞ സമയത്ത് തിരിച്ചെത്തിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടികള്‍ക്ക് വിധേയനാകേണ്ടി വരുമെന്നും കോടതി കഴിഞ്ഞാഴ്ച്ച വിലയിരുത്തിയിരുന്നു. യുറോപ്യന്‍ യൂണിയന് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം സ്ഥാനപതിയുടെ നയതന്ത്ര പരിരക്ഷ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നിരുന്നാലും, നാവികര്‍ ഇന്ന് മടങ്ങിയില്ലെങ്കില്‍, കോടതിയെ വഞ്ചിച്ചെന്ന നിരീക്ഷണം സ്ഥാനപതിക്കെതിരെ കടുത്ത നടപടികള്‍ക്ക് സുപ്രീം കോടതി ഒരുങ്ങുന്നുതിന്റെ മുന്നോടിയാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: