പന്മന: പുത്തന്‍ചന്ത ആറുമുറിക്കടയില്‍ ശ്രീനാരായണ ഗുരുദേവ പ്രതിമയുടെ ചെവി വെട്ടിമാറ്റിയ സംഭവത്തില്‍ ബിജെപി പ്രതിഷേധിച്ചു. സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളില്‍ പ്രധാനിയായ ഗുരുദേവ പ്രതിമക്ക് നേരെയുള്ള ആക്രമണവും നിന്ദയും നിസാരമായി കാണാനാകില്ലെന്ന് ബിജെപി പഞ്ചായത്ത് സമിതി മുന്നറിയിപ്പ് നല്കി.
പന്മന കുരീത്തറ ജംഗ്ഷനില്‍ ബിജെപിയുടെ കൊടിമരത്തില്‍ ഉയര്‍ത്തിയിരുന്ന കൊടി കത്തിക്കുകയും മനയില്‍ സ്കൂളിനു സമീപം സ്ഥാപിച്ചിരുന്ന കൊടിമരം വളക്കുകയും കൊടി കത്തിക്കുകയും ചെയ്തു. കുരീത്തറ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന തെക്കന്‍ കൊടുങ്ങല്ലൂര്‍ ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്സവ ഫ്ലക്സ് നശിപ്പിച്ചു. ഈ പ്രദേശത്ത് നിരന്തരം നടന്നുവരുന്ന സാമൂഹ്യവിരുദ്ധരുടെ ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഗുരുദേവന്റെ പ്രതിമയ്ക്കും ഭാരതീയ സംസ്കാരം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ കൊടികള്‍ക്കും നേരെയുള്ള ആക്രമണം പോലീസും സമൂഹവും ഗൗരവമായി കണ്ട് ആവശ്യമായ നടപടി സ്വീകരിക്കണം. ഈ ദുര്‍നടപടിക്കെതിരെ ബിജെപി പന്മന പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ പ്രകടനവും യോഗവും നടത്തും.
സംഭവസ്ഥലങ്ങള്‍ ഹിന്ദുഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ് ഇന്ദുചൂഢന്, കണ്ണന്, അജയന്, മനോജ്, ബിജെപി മണ്ഡലം സെക്രട്ടറി കെ. സോമന്, പ്രസിഡന്റ് പരമേശ്വരന്, ജനറല്‍ സെക്രട്ടറി അശോകന്, ആര്.ഡി. ശിവകുമാര്‍, നന്ദകുമാര്‍, വരുപ്പേലി ശശിബാബു ടി.നായര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ഇന്നലെ നടത്തിയ ഹര്‍ത്താലിന് സംഘപരിവാര്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: