ചവറ: ഡിവൈഎഫ്ഐ ചവറ ഏരിയാ സമ്മേളനം അടിയില്‍ കലാശിച്ചു. ഭാരവാഹികളെ തെരഞ്ഞെടുക്കാനാകാതെ സമ്മേളനം പിരിച്ചുവിട്ടു. ഇന്നലെ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യാനിരുന്ന പൊതുസമ്മേളനവും പ്രകടനവും ഉപേക്ഷിച്ചു.
പന്മന വെറ്റമുക്ക് എഫ്കെഎം ഓഡിറ്റോറിയത്തില്‍ രണ്ടുദിവസമായി നടന്നുവന്ന ഏരിയാ സമ്മേളനത്തില്‍ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ തര്‍ക്കം ഭാരവാഹി തെരഞ്ഞെടുപ്പോടെ അടിപിടിയില്‍ എത്തുകയായിരുന്നു. നിലവിലുള്ള ഏരിയാ കമ്മറ്റിയില്‍ നിന്നും സര്‍ക്കാര്‍ജോലി ലഭിച്ച പ്രസിഡന്റടക്കം ആറുപേരെ ഒഴിവാക്കി പുതിയ ആറുപേരെ ഉള്‍പ്പെടുത്തി പാനല്‍ അവതരിപ്പിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. മറ്റ് പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുകയും മത്സരത്തിന് കളം ഒരുങ്ങുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി ജി. മുരളീധരന് പ്രഖ്യാപിക്കുകയായിരുന്നു. ഇത് സംഘര്‍ഷം രൂക്ഷമാകുന്നതിന് കാരണമായി.
പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഗ്രൂപ്പിസമാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്. ഔദ്യോഗികപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന രണ്ടു ഗ്രൂപ്പുകളാണ് ഇവിടെയുള്ളത്. ഏരിയാ സെക്രട്ടറി ടി. മനോഹരന്റെയും മുന്‍സെക്രട്ടറി ജി. വിക്രമന്റെയും നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങളായി ഭിന്നിച്ചു നില്‍ക്കുകയാണ്.
ഇപ്പോള്‍ തെരഞ്ഞെടുത്ത 31അംഗ കമ്മറ്റിയില്‍ 20പേര് വിക്രമന് ഗ്രൂപ്പില്പെട്ടവരും 11 പേര് മനോഹരന് ഗ്രൂപ്പില്‍പെട്ടവരുമാണ്. ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി സ്ഥാനത്തിന് ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചു. വിക്രമന് പക്ഷം എന്‍.ആര്. ബിജുവിനെയും മറുപക്ഷം എസ്. അനിലിനെയും നിര്‍ദേശിച്ചു. സെക്രട്ടറി സ്ഥാനം വേണമെന്ന നിലപാടില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ഉറച്ചുനിന്നു.
എസ്എഫ്ഐ സംസ്ഥാ ന കമ്മറ്റി അംഗം ശ്യാംമോഹന്, എസ്. അജിത്, ഷിജില്‍, മനോജ് എന്നിവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവും ശക്തമായി. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ഏറെ ശ്രമിച്ചിട്ടും നടക്കാഞ്ഞതിനാല്‍ ജില്ലാ സെക്രട്ടറി സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചെങ്കിലും സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ കമ്മറ്റിക്കാരും ഭാരവാഹികളുമില്ലാത്ത ഡിവൈഎഫ്ഐ ഏരിയ കമ്മറ്റി പൊതുസമ്മേളനവും പ്രകടനവും വേണ്ടെന്നുവച്ചു.
ഹരി ചവറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: