ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് ഇസ്ലാമികഭീകരരുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയില്‍ കേന്ദ്ര ഉരുക്കുമന്ത്രി ബേനി പ്രസാദ് വര്‍മ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ വര്‍മയുടെ ഖേദപ്രകടനത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയ മുലായം വര്‍മ മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കണമെന്നതില്‍ കുറഞ്ഞ ഒരു നടപടിയോടും യോജിക്കില്ലെന്ന് വ്യക്തമാക്കി. ഖേദം പ്രകടിപ്പിക്കുന്നതും മാപ്പപേക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മുലായം പറഞ്ഞതായാണ് മാധ്യമ വാര്‍ത്തകള്‍. ഇന്ന് രാവിലെ 9.30ന് നടക്കുന്ന സമാജ്വാദി പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ ഇതുസംബന്ധിച്ച കൃത്യമായ തീരുമാനമെടുക്കുമെന്നും മുലായം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിനെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെയും നേരില്‍ക്കണ്ട മുലായം കേന്ദ്രമന്ത്രി വര്‍മ പാര്‍ലമെന്റില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മുലായത്തിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച സോണിയാ ഗാന്ധി വര്‍മയുടെ രാജിയില്‍ ഉറച്ചുനില്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എസ്പി എംപിമാര്‍ തങ്ങളുടെ പ്രതിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയും പാര്‍ലമെന്റില്‍ വര്‍മയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.
മുലായം സിംഗിനെതിരായ പരാമര്‍ശത്തില്‍ ബുധനാഴ്ച ഖേദം പ്രകടിപ്പിച്ച വര്‍മ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെ നേരില്‍ക്കണ്ട് തന്റെ രാജിസന്നദ്ധത അറിയിച്ചു. വര്‍മയുടെ രാജി ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി വിളിപ്പിച്ചതെന്ന സൂചനയും ചില മാധ്യമങ്ങള്‍ നല്കി.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുലായത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടതായും വര്‍മ പറഞ്ഞു. പരാമര്‍ശം ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നതായും വര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് ഈ സമയം വര്മയോടൊപ്പമുണ്ടായിരുന്നു. സര്‍ക്കാരിനും തന്റെ പാര്‍ട്ടിക്കും ഇപ്പോഴും ആവശ്യമായ പിന്തുണയുണ്ടെന്ന് കമല്‍നാഥ് വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്നലെ രാവിലെ പ്രധാനമന്ത്രിയെയും സമാജ്വാദി പാര്‍ട്ടി നേതാവിനെയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തി.
ബേനി പ്രസാദ് വര്‍മ മുലായത്തിനേതിരേ നടത്തിയ ആരോപണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് യുപിഎ അധ്യക്ഷ സോണിയ പറഞ്ഞുമുലായത്തിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് വര്‍മയുടെ ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ലെന്ന് സോണിയ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: