ന്യൂദല്‍ഹി: കടല്വെടിവയ്പ്പ് കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാത്ത സംഭവത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സിനിയെ ഇന്ത്യവിടുന്നത് വിലക്കിയതിനെതിരെ യൂറോപ്യന്‍ യൂണിയന്റെ ശാസന. സ്ഥാനപതിയുടെ നയതന്ത്രപരമായ പരിരക്ഷ മാനിക്കണമെന്നാവശ്യം യൂണിയന് മുന്നോട്ട് വച്ചതിന്റെ തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ ഇന്ത്യയെ യൂണിയന് ശാസിച്ചത്.
യൂറോപ്യന്‍ യൂണിയന്റെ വിദേശനയ വിഭാഗത്തിന്റെ തലവന്‍ ക്യാതറീന് ആഷ്ടനാണ് സ്ഥാനപതിക്കെതിരെയുള്ള ഇന്ത്യയുടെ കടുത്ത നീക്കം ആശങ്കയുളവാക്കുന്നുവെന്ന് പറഞ്ഞത്. ആഷ്ടന്റെ വക്താവാണ് വിഷയത്തില്‍ ആഷ്ടനുള്ള ഉത്കണ്ഠ ഇന്ത്യയോട് പങ്കുവച്ചത്.
1961 വിയന്ന കണ്‍വെന്‍ഷന്റെ ഉടമ്പടി ഇരു രാജ്യങ്ങളും ബഹുമാനിക്കണം. ഉടമ്പടികള്‍ പാലിക്കാനുള്ളതാണ്. ഇരുരാജ്യങ്ങളും നയതന്ത്രചര്‍ച്ചകള്‍ക്ക് തയ്യാറാവണം. ഒരുമിച്ച് സംസാരിച്ച് ഇരുരാജ്യങ്ങള്‍ക്കും യോജ്യമായ നിലപാടിലെത്തിച്ചേരണം. ആഷ്ടന്റെ പ്രസ്താവനയായി വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് യുറോപ്യന്‍ യൂണിയന് വക്താവ് മൈക്കിള്‍ മാന്‍ വിയന്ന കണ്‍വെന്‍ഷനെ മാനിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.
ഇതിനിടെ, കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ തിരികെയെത്തിക്കാന്‍ വിസമ്മതിച്ചതിലൂടെ ഇറ്റലി നയന്ത്ര മര്യാദകള്‍ ലംഘിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു.
ഇറ്റലിയുടെ ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായും പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
നാവികരെ വിചാരണയ്ക്കായി ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ സാദ്ധ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കും. ഇറ്റലിക്കെതിരെ ഉയര്‍ന്ന വികാരത്തോടൊപ്പമാണ് താനെന്നും പ്രധാനമന്ത്രി അറിയിച്ചു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: