ചെന്നൈ: ശ്രീലങ്കന്‍ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ നടത്തി വരുന്ന വിദ്യര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ശക്തമായി. ഇതേത്തുടര്‍ന്ന് 525 കോളേജുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരെ നടക്കുന്ന വംശഹത്യയ്ക്കെതിരെ ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
കോളേജുകള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ ഒഴിഞ്ഞു പോകാനും അധികൃതര്‍ നിര്‍ദേശം നല്കി. അണ്ണാസര്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ എന്‍ജിനീയറിങ് കോളജുകള്‍ക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം ലോ കോളജ് വിദ്യര്ത്ഥികളും അഭിഭാഷകരും നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പലയിടത്തും പ്രതിഷേധക്കാര്‍ റോഡ്, റെയില്‍ ഗതാഗതം കയ്യേറി. അണ്ണാ സര്‍വകലാശാലാ കാമ്പസിനകത്തും തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രകടനം നടത്തി. ചെന്നൈ വിമാനത്താവളത്തിനു മുന്നില്‍ തിങ്കളാഴ്ച രാവിലെ പ്രതിഷേധ പ്രകടനം നടത്തി. ഊട്ടിയില്‍ സമരം ചെയ്ത സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ 38 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തു. ചിദംബരത്ത് നാം തമിഴര്‍ പ്രവര്‍ത്തകര്‍ തീവണ്ടി ഉപരോധിക്കാന്‍ ശ്രമമുണ്ടായി. 15 പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.
ചെന്നൈയിലെ ലോ കോളജ് വിദ്യാര്‍ത്ഥികളും അഭിഭാഷകരും നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബെയിലും ബാംഗ്ലൂരിലും വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ശ്രിലങ്കയ്ക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ തങ്ങളാവശ്യപ്പെട്ട ഭേദഗതികള്‍ കൊണ്ടുവരാത്തതില്‍ ഡി.എം.കെ യു.പി.എ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: