ശ്രീനഗര്‍ : ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരര്‍.
അതിര്‍ത്തിക്കപ്പുറത്തെ ഭീകരസംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ഭീകരര്‍കൂടി അറസ്റ്റിലായതായും ജമ്മു കാശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സ്ഥിരീകരിച്ചതായും കാശ്മീര്‍ മേഖലാ ഐജിപി അബ്ദുല്‍ ഖാനി മിറാണ് വ്യക്തമാക്കിയത്.
ഭീകരസംഘടനയായ ലഷ്ക്കറെ തോയ്ബയുടെ പ്രവര്‍ത്തകരായ സെയ്ഫ്, ഹൈദര്‍ എന്നിവരാണ് പിടിയിലായത്. പാക്കിസ്ഥാനിലെ ദേരാ ഖാസി ഖാന് സ്വദേശിയാണ് സെയ്ഫ്. മുല്‍ത്താനില്‍ നിന്നുള്ള ഭീകരനാണ് ഹൈദര്‍. ലഷ്ക്കറെ നേതാക്കളായ അഹമ്മദ് ഭായി, അനസ് ബിലാല്‍ എന്നിവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും ഐജിപി പറഞ്ഞു.
പാക് ഭീകരനായ മുഹമ്മദ് സുബൈര്‍ ഏലിയാസ് താഹ സരാര്‍, പ്രാദേശിക നേതാവായ ബഷീര്‍ അഹമ്മദ് മിര്‍ എന്നിവരാണ് സെയ്ഫിനും ഹൈദറിനും ആക്രമണത്തിന് വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്തിരുന്നതെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിനിടെ അഹമ്മദ് മിറിനെയും മുഹമ്മദ് സുബൈറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി ആദ്യവാരം തന്നെ മുഹമ്മദ് സുബൈര്‍ കാശ്മീര്‍ താഴ്വാരത്തിലെത്തിയിരുന്നു. എന്നാല്‍ സെയ്ഫും ഹൈദറും ഫെബ്രുവരി പകുതിയാണ് അതിര്‍ത്തിരേഖ കടന്ന് ഇവിടെയെത്തിയത്.സിആര്‍പിഎഫ് ജവാന്മാര് ക്രിക്കറ്റ് കളിക്കാരുമായി അടുത്തിടപഴകുന്നതിനാല്‍ ആക്രമണത്തിനായി ക്രിക്കറ്റ് മൈതാനം മന:പൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നെന്ന് അറസ്റ്റിലായ ഭീകരര്‍ വെളിപ്പെടുത്തിയതായും പോലീസ് മേധാവി പറഞ്ഞു. ഇതുവഴി പരമാവധി നാശനഷ്ടമുണ്ടാക്കാനും പ്രദേശവാസികളെ അപകടത്തില്‍പ്പെടുത്താനും കഴിയുമെന്നായിരുന്നു ഭീകരരുടെ കണക്കുകൂട്ടല്‍.
ആക്രമണം നടത്താന്‍ ഭീകരരെ സഹായിച്ചതിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് എകെ-47 തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഈ മാസം 13 ന് ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ നിന്നുള്ള വരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവന നടത്തിയിരുന്നു.എന്നാല്‍ പാക്കിസ്ഥാന് ഇന്ത്യയുടെ വാദത്തെ ശക്തമായി എതിര്‍ക്കുകയും പ്രസ്താവനയില്‍ പ്രതിഷേധമറിയിക്കുകയുമാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: