കൊല്ലം: വെള്ളം രാഷ്ട്രീയവിഷയമാക്കി പ്രഹസനസമരങ്ങള്ക്ക് വേദിയൊരുക്കുന്നു. ഇടതുമുന്നണിയാണ് വരള്‍ച്ചയും കുടിവെള്ളക്ഷാമവും രാഷ്ട്രീയ മുതലെടുപ്പിന് ആയുധമാക്കാന്‍ ഒരുങ്ങുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളോട് സര്‍ക്കാര്‍ അവഗണന കാട്ടുകയാണെന്നും മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്നും മറ്റും ഉന്നയിച്ചാണ് സമരപ്രഖ്യാപനം. 22ന് കളക്ട്രേറ്റിന് മുന്നില്‍ ഇടതു ജനപ്രതിനിധികള്‍ ധര്‍ണ നടത്താനാണ് പരിപാടി.
ജില്ലയിലുടനീളം നടക്കുന്ന നീര്‍ത്തടം നികത്തല്‍ നീക്കങ്ങള്‍ക്ക് പിന്നിലെ തങ്ങളുടെ പങ്ക് മറച്ചുവെച്ചുകൊണ്ടാണ് ഇടതുമുന്നണി നേതാക്കള്‍ സമര നാടകവുമായിറങ്ങുന്നത്. വ്യാപകമായി നടക്കുന്ന നെല്‍വയല്‍ നികത്തലുകളിലും മണലൂറ്റ്, ചെളിയെടുപ്പ് പോലെയുള്ള പ്രവര്‍ത്തനങ്ങളിലും എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തുകള്‍ക്ക് പലതിനും നേരിട്ട് പങ്കുണ്ട്.
പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടരുമ്പോഴും അനങ്ങാപ്പാറനയം സ്വീകരിച്ചവരാണ് സമരത്തിനിറങ്ങുന്നത്. പാറഖനനം, അനധികൃത മണല്‍കടത്ത്, ഭൂമാഫിയ തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെല്ലാം ഒത്താശപാടി നടന്നവര്‍ ഇപ്പോള്‍ പ്രക്ഷോഭവുമായി ഇറങ്ങുന്നതിനു പിന്നില്‍ സാമ്പത്തികലക്ഷ്യം മാത്രമാണുള്ളതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കുടിവെള്ളപ്രശ്നം അതിരൂക്ഷമായ പ്രദേശങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും വെള്ളം എത്തിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ജില്ലയിലെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 90 കോടിരൂപ അടിയന്തിരമായി അനുവദിക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. ഇതിനകം അഞ്ചുകോടി രൂപ മാത്രമാണ് അനുവദിച്ചത്. ജില്ലയില്‍ കുടിവെള്ള വിതരണം ചെയ്യുന്ന പ്രധാന ജലസ്രോതസ്സായ ശാസ്താംകോട്ട തടാകം വറ്റിവരണ്ടു. കല്ലടഡാമിലെ ജലനിരപ്പ് ഇപ്പോള്‍തന്നെ ഗണ്യമായി 100അടി കുറവാണ്.
ജപ്പാന് കുടിവെളള പദ്ധതി പൂര്‍ത്തിയാക്കാനോ വെള്ളം എത്തിക്കാനോ സര്‍ക്കാരും വാട്ടര്‍ അതോറിറ്റിയും യാതൊരു ജാഗ്രതയും കാട്ടുന്നില്ല. കിണറുകളും കുളങ്ങളും ചിറകളും നവീകരിക്കാന്‍ അഞ്ചുകോടി രൂപ വേണ്ടിടത്ത് ഒരു രൂപ സര്‍ക്കാര്‍ നല്‍കിയില്ല. ആശുപത്രികളിലും സ്കൂളുകളിലും നൂറുകണക്കിന് ആളുകള്‍ തൊഴില്‍ ചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ അടക്കമുള്ള സ്ഥാപനങ്ങളിലും കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: