പുനലൂര്‍: കരവാളൂര്‍ പീഠിക ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി നടന്നുവരുന്ന അതിപുരാതനമായ കലാരൂപമാണ് ഭരതക്കളി. പ്രത്യേക ചുവടുവയ്പ്പുകളോടെ നീങ്ങുന്ന പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഈ കലാരൂപം ഇന്ന് അപ്രത്യക്ഷമാകുമോ എന്ന നിലയില്‍ ആണ്. ചാത്തനൂട്ട്, മാടനൂട്ട് എന്ന പോലെതന്നെ പ്രത്യേകം കെട്ടിത്തിരിച്ച കാവില്‍ മലദൈവങ്ങളെ പ്രീതിപ്പെടുത്തിയ ശേഷം ക്ഷേത്രമുറ്റത്തെത്തുന്ന ഇവര്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്നില്‍ പാടി തുടങ്ങുകയായി. പാട്ടിന്റെ താളത്തിനൊപ്പം ഇവര്‍ നൃത്തച്ചുവടുകളും വയ്ക്കുന്നു. ഈ കലാരൂപത്തില്‍ പങ്കെടുക്കാന്‍ ഇന്ന് പുതുതലമുറയില്‍പ്പെട്ടവര്‍ എത്തുന്നില്ല എന്നതിനാല്‍ ഈ കലാരൂപം ഏറെനാള്‍ കഴിയുമ്പോള്‍ നാമാവശേഷമാകും.
എന്നാല്‍ ഇത്തരം ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാരോ, ദേവസ്വംബോര്‍ഡോ, ഭക്തജനസമിതികളോ തയാറാകാത്ത പക്ഷം ഇത്തരം അനുഷ്ഠാനകലകള്‍ ഇല്ലാതെയാകും. കരവാളൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാംദിവസം രാത്രിയില്‍ അരങ്ങേറുന്ന ഈ കലാരൂപം കാണുവാന്‍ അധികം ആളുകള്‍ എത്താറില്ല. എന്നാല്‍ ഇവര്‍ കാവിലെ പൂജകള്‍ കഴിഞ്ഞ് ക്ഷേത്രമൈതാനത്ത് നൃത്തച്ചുവടുകള്‍ വയ്ക്കുകയായി ആതന്തോ……തന്താനാനേ….
തെക്കന്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പൂപ്പടതുള്ളല്‍, നാഗകാളിനൃത്തം, മണ്ണാര്കൂത്ത്, നന്തനാരാട്ടം എന്നീ കലാരൂപങ്ങളുമായി ഏറെ ബന്ധമുള്ളതാണ് ഭാരതക്കളി. ഭരതക്കളി കുറവസമുദായങ്ങള് ആണ് അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മുടിയഴിച്ചാട്ടം ഏറെ ഭക്തിരസപ്രദം ആണ്. രാത്രിയുടെ അന്ത്യയാമത്തില്‍ കാവിലെ കാക്കവിളക്കിനു മുന്നില്‍ മുടിയഴിച്ചാട്ടം ശക്തിപ്രാപിക്കുമ്പോള്‍ പുരുഷന്മാര് ഉച്ചത്തില്‍ പാട്ടുപാടി രംഗത്തിന് കൊഴുപ്പേകുന്നു. പുരാതന കേരളത്തിലെ മനോഹരമായ ഈ കലാരൂപം അന്യംനിന്നു പോകുമോ എന്ന കാര്യത്തിലാണ് കരവാളൂരിലെ ഭക്തജനങ്ങളുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: