കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ വീരശൈവരുടെ അവകാശം നിഷേധിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരെ സമരം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനം. ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ദക്ഷിണമാത്രം സ്വീകരിച്ച് ഉപജീവനം നടത്തിവന്ന വീരശൈവകുടുംബങ്ങള് മൂന്നുമാസമായി പട്ടിണിയിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പരബ്രഹ്മക്ഷേത്രവുമായി ചരിത്രപരമായ ബന്ധമുള്ള തമിഴ്നാട് കുംഭകോണം വീരശൈവസാരംഗ പെരിയ മഠാധിപതി നീലകണ്ഠ സാരംഗദേശി കേന്ദ്രമഹാസ്വാമി അടുത്തിടെ ക്ഷേത്രം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 20ന് വീരശൈവസഭയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നടന്നിരുന്നു.
ക്ഷേത്രസ്ഥാനികളും ഭരണസമിതിയുമായി ഉണ്ടായ കോടതി നടപടികളില്‍ ക്ഷേത്രസില്ബന്ധികളായ വീരശൈവരെ കരുവാക്കുകയായിരുന്നു എന്ന് വീരശൈവസഭ നേതാക്കള്‍ യോഗത്തില്‍ ആരോപിച്ചു. അവകാശനിഷേധം തുടര്‍ന്നാല്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
എസ്. രാജപ്പന്‍പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വീരശൈവസഭ സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്, കേന്ദ്രവര്‍ക്കിംഗ് കമ്മിറ്റി അംഗം അഡ്വ.ബിനു കെ. ശങ്കര്‍, സജികുമാര്‍, ശശി തട്ടാരമ്പലം, ഇ.എന്‍. ശെല്‍വരാജ്, വത്സലാമ്മാള് എന്നിവര്‍ പങ്കെടുത്തു. സജി.എസ് സ്വാഗതവും മുളവേലില്‍ വിജയന്‍പിള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: