ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. നാവികരെ വിചാരണയ്ക്കായി ഇന്ത്യയില്‍ തിരികെ എത്തിക്കാമെന്ന് സുപ്രീംകോടതിക്ക് നല്കിയ വാക്ക് ഇറ്റലി പാലിക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് സോണിയ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നാവികരെ തിരിച്ചുകൊണ്ടുവരാമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഒരു രാജ്യവും ഇന്ത്യയെ നിസാരമായി കാണരുതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. വിഷയത്തില്‍ ഇന്ത്യന്‍ നിയമം അനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ടു പോകണമെന്നും അവര്‍ പറഞ്ഞു.
അതേസമയം ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ഇറ്റലി കുറ്റപ്പെടുത്തി. സ്ഥാനപതി രാജ്യം വിട്ടുപോകരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് വിയന്നാ കണ്‍വന്‍ഷന്റെ ലംഘനമാണെന്ന് ഇറ്റലി വിദേശകാര്യ വകുപ്പ് ആരോപിച്ചു. കടല്‍ക്കൊല കേസില്‍ രാജ്യാന്തര നിയമം പാലിക്കണമെന്നാണ് ഇറ്റലിയുടെ ആഗ്രഹം. ഇന്ത്യയുമായി സൗഹാര്‍ദ ബന്ധം തുടരാനാണ് ഇറ്റലിയുടെ ആഗ്രഹമെന്നും വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു
ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. സാധാരണക്കാരായ ശ്രീലങ്കക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. ശ്രീലങ്കക്കെതിരേ യുഎന്നില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന തമിഴ് സംഘടനകളുടെ ആവശ്യത്തോട് അനുഭാവപൂര്‍ണമായ നിലപാടാണു സോണിയ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: