ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ബലാത്സംഗ വിരുദ്ധ ബില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. നിയമ ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു കേന്ദ്രമന്ത്രി സഭായോഗം ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി വ്യക്തമാക്കി. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി 18 വയസ്സായി നിലനിര്‍ത്തും. സമാജ്വാദി പാര്‍ട്ടിയും ബിജെപിയും പ്രായം 16 ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തിരുന്നു.
ലൈംഗിക പീഢനം എന്ന വാക്കിന് പകരം ബലാത്സംഗം എന്ന വാക്കായിരിക്കും പുതിയ നിയമത്തില്‍ ഉപയോഗിക്കുക. പീഢനത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള നിയമത്തില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ കൊല്ലപ്പെടുകയാണെങ്കില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള പുതിയ വ്യവസ്ഥയും ബില്ലിലുണ്ട്.
ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ച ജസ്റ്റീസ് വര്‍മ കമ്മീഷന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന്റെ കാലാവധി വെള്ളിയാഴ്ച്ചയാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: