അഹമ്മദാബാദ്: ബംഗളൂരു ഭീകരാക്രമണത്തിന് പുറകിലെ ഗൂഢാലോചനയ്ക്ക് എത്ര ആഴമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം വ്യക്തമാക്കുന്നു. 2002ല്‍ ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്ര ആക്രമണ പദ്ധതി തയ്യാറാക്കി നടപ്പാക്കിയ പാക്കിസ്ഥാന് ഭീകരരാണ് നിരവധി രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും തുടച്ചുനീക്കാന്‍ ചെറുപ്പക്കാരായ ഭീകരര്‍ക്ക് വഴികാട്ടിയായത്. ഈ ഗൂഢാലോചന പോലീസ് തകര്‍ത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. എന്നാല്‍ അക്ഷര്‍ധാം ആക്രമണത്തില്‍ 29 ഭക്തന്മാര് കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 29നാണ് ബംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതിന് പതിനൊന്നു പേരെ അറസ്റ്റ് ചെയ്തത്. തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായി. ഈ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 25 പേരുടെ പേരുകളുണ്ട്. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണപരമ്പര സൃഷ്ടിക്കാനായി ഈ ചെറുപ്പക്കാരെ പാക് ഭീകരര്‍ എങ്ങനെയാണ് നയിച്ചതെന്ന് കുറ്റപത്രം വളരെ വിശദമായി വ്യക്തമാക്കുന്നുണ്ട്. ഈ പ്രതികളുമായി ബന്ധപ്പെട്ട് അഞ്ചു പേരാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. സൗദി അറേബ്യയിലെ ദമാമില്‍ വച്ചാണ് പ്രധാന യോഗം നടന്നത്. ഈ യോഗത്തില്‍ അക്രം എന്ന ചെറുപ്പക്കാരന് പങ്കെടുത്തിരുന്നു. പദ്ധതി ശരിയായി വിവരിച്ച ബോധ്യപ്പെടുത്തിയ ശേഷം അക്രമിനെ ഇന്ത്യയിലേക്കയച്ചു. സമാന മനസ്കരായ ജിഹാദികളെ കണ്ടെത്തി കൂട്ടിയോജിപ്പിച്ച് ആക്രമണം നടത്താനായി തുടര്യോഗങ്ങളുടെ പരമ്പര തന്നെ ഇയാള്‍ ഇവിടെ നടത്തി.
ഷോയ്ബ് അഹമ്മദ് മിര്‍സ എന്നൊരാളാണ് ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രമെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു നേതാക്കളെയോ മാധ്യമപ്രവര്‍ത്തകരെയോ മാത്രം ലക്ഷ്യമിട്ടല്ല പദ്ധതി തയ്യാറാക്കിയത്. മൂന്ന് പോലീസ് ഓഫീസര്‍മാരെയും കൊലപ്പെടുത്തേണ്ടവരുടെ പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. അന്വേഷണം ആരംഭിച്ചിടത്തു നിന്നും ഏറെ മുന്നോട്ടു പോയെന്നും തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നുമുള്ള നിലപാടാണ് എന്ഐഎയുടെയത്. ഇനിയുള്ള അന്വേഷണം വളരെ സൂക്ഷ്മമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇനി ഡിജിറ്റല്‍ തെളിവുകളാണ് കണ്ടെടുക്കേണ്ടത്. ഈ കേസില്‍ പ്രതികളായ പന്ത്രണ്ട് പേര് സൗദി അറേബ്യയിലുണ്ട്. ഇവരെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. എന്‍ഐഎ ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഇന്റര്‍നെറ്റ് സേവനദാതാക്കളോട് പ്രതികള്‍ തമ്മില്‍ ബന്ധപ്പെട്ടിട്ടുള്ള ഇ-മെയില്‍ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അമേരിക്കയുടെ സഹകരണം തേടുന്നതിനും ശ്രമിക്കുന്നുണ്ട്.
പ്രതികള്‍ക്ക് തോക്ക് നല്‍കിയവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പ്രധാന പ്രതി മിര്‍സ മറ്റൊരു പ്രതിയായ സക്കീര്‍ ഉസ്താദിന് മൂന്ന് കൈത്തോക്കുകള്‍ നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത വ്യക്തിയെ കണ്ടെത്താന്‍ എന്‍ഐഎക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആക്രമണത്തിന്റെ വ്യക്തമായ രൂപരേഖ തയ്യാറാക്കാനും എന്‍ഐഎ ശ്രമിക്കുന്നുണ്ട്. പദ്ധതി മുന്നോട്ടു പോകുന്തോറും കൂടുതല്‍ ഭീകരര്‍ ഇതിലേക്ക് വരികയാണ്. നന്ദേദ്, ഹൈദരാബാദ്, ബംഗളൂരു, ഹൂബ്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രതികള്‍. പ്രവര്‍ത്തനം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇത് ശൃംഖല വിപുലീകരിക്കാനായിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ആശയവും ശൃംഖലയും എന്താണെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം, എന്‍ഐഎ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: