ചെന്നൈ: ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയ ഡി.എം.കെ നേതാവ് കരുണാനിധിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിമാര്‍ തിങ്കളാഴ്ച ചെന്നൈ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രി എ.കെ ആന്റണി, ധനമന്ത്രി പി. ചിദംബരം, തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ഗുലാം നബി ആസാദ് തുടങ്ങിയവരാണ് ഡി.എം.കെ നേതാവ് കരുണാനിധിയുമായി ചര്‍ച്ച നടത്താന്‍ ചെന്നൈയിലെത്തുക.
ലങ്കയിലെ തമിഴ് വംശജരുടെ താല്പര്യങ്ങളില് കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കരുണാനിധിയെ ബോധ്യപ്പെടുത്തുകയാണ് മൂന്ന് കേന്ദ്രമന്ത്രിമാരുടെയും ദൗത്യം. ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കയ്ക്കെതിരേ യുഎസ് കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ലെങ്കില്‍ യുപിഐ വിടുമെന്ന് കലൈഞ്ജര്‍ ഭീഷണി മുഴക്കിയിരുന്നു.
ശ്രീലങ്കന്‍ ഭരണകൂടം നടത്തിയ വംശഹത്യയാണ് പുലി വേട്ടയെന്നും അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷന് വേണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ 18 എം.പിമാരുള്ള ഡി.എം.കെ രണ്ടാമത്തെ വലിയ കക്ഷിയാണ്. അതേസമയം ശ്രീലങ്കയിലെ വംശഹത്യക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുകയാണ്.
ചെന്നൈയില്‍ രാജ്ഭവനിലേക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്ത് വിലക്കൊടുത്തും ശ്രീലങ്കയ്ക്കെതിരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
ചെന്നൈയില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബെയിലും ബംഗളൂരിലും വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരമാരംഭിച്ചു. ശ്രീലങ്കയിലെ വംശഹത്യയ്ക്കെതിരെ ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: