കണ്ണൂര്‍: ഒരുമാസം മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കേരള അതിര്‍ത്തിയിലെ കര്‍ണാടക വനമേഖലയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകളെ കണ്ടെന്ന ചിലരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കര്‍ണാടക ആന്റി നക്സല്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ആരെയും കണ്ടെത്താനായില്ല. ഇരിട്ടി കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിക്കടുത്ത ബിര്ണാണിയിലാണ് എ.കെ. 47 തോക്കുമായി നാലംഗ സംഘത്തെ കണ്ടതായി കഴിഞ്ഞദിവസം മലയാളികളായ മൂന്നുപേര്‍ വെളിപ്പെടുത്തിയത്. കൂടാതെ ബിര്ണാണിയിലെ ഒരു വീട്ടിലെത്തി ആയുധങ്ങളേന്തിയ സംഘം ഭക്ഷണം വാങ്ങിപ്പോയതായും വീട്ടുകാര്‍ പറഞ്ഞു.
കര്‍ണാടക ആന്റി നക്സല്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ പൂക്കളം, ബിര്‍ണാണി, മേപ്പള്ളിവാണ എന്നീ വനമേഖലകളിലാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലും സംസ്ഥാന പോലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ആറളം, കരിക്കോട്ടക്കരി, ഉളിക്കല്‍, കേളകം പോലീസ്സ്റ്റേഷനുകളിലും ആറളം വന്യജീവി സങ്കേതത്തിലും ജാഗ്രത പാലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ബിര്ണാണിയിലെ കാപ്പിത്തോട്ടത്തില്‍ ജോലിക്കാരായ ഉരുപ്പുംകുറ്റി സ്വദേശികളായ മൂന്ന് തൊഴിലാളികളാണ് ആയുധധാരികളൈയ മാവോയിസ്റ്റുകളെ മൂന്ന് ദിവസം മുമ്പ് കണ്ടത്. ഉരുപ്പുംകുറ്റിയില്‍ നിന്ന് രണ്ട് മണിക്കൂറോളം നടന്നാല്‍ ബിര്ണാണിയിലെത്താം. പൂക്കളം വനാതിര്‍ത്തിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ആയുധധാരികളെ കണ്ടത്. ഞങ്ങള്‍ സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചവരാണെന്നും നാട്ടുകാരായ ജനങ്ങളോട് വിരോധമില്ലെന്നും ഇവര്‍ പറഞ്ഞതായി തൊഴിലാളികള്‍ കര്‍ണാടക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ചെറുപുഴ മേഖലയിലാണ് ഒരു മാസം മുമ്പ് ആദ്യം ഗ്രാമവാസികള്‍ മാവോയിസ്റ്റുകളെ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷമാണ് കാഞ്ഞിരക്കൊല്ലിയിലും മാവോയിസ്റ്റുകളെ കണ്ടത്. ഇതേ വനമേഖലയുടെ തുടര്‍ച്ചയായ 10 കിമി. മാറിയുള്ള പ്രദേശമാണ് ഇപ്പോള്‍ ആയുധധാരികളെ കണ്ടെത്തിയ ബിര്‍ണാണി. ടാര്‍ റോഡില്‍ നിന്ന് 500 മീറ്റര്‍ മാത്രം മാറിയുള്ള സ്ഥലത്തുനിന്നാണ് ഇവരെ കാണുന്നത്. സംഘത്തിലെ രണ്ടുപേര്‍ കന്നഡയിലാണ് സംസാരിച്ചതെന്നും ഇവര്‍ക്ക് മലയാളം മനസ്സിലാകുന്നുണ്ടെന്നും കറുത്ത പാന്റ്സും ഷര്‍ട്ടുമാണ് ഇവര്‍ ധരിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു.
ബിര്‍ണാണി വനമേഖലയില്‍ നിന്നും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ എടപ്പുഴ, ചതിരൂര്‍, തിരുനെല്ലി വനമേഖലകളിലേക്ക് എത്തിച്ചേരുക എളുപ്പമാണ്. ആറളം വന്യജീവി സങ്കേതവും കൊട്ടിയൂര്‍ വനമേഖലയുമടക്കം അതിര്‍ത്തി പങ്കിടുന്നതും കര്‍ണാടകയുടെ ഈ ഭാഗത്താണ്. മാവോയിസ്റ്റ് സാന്നിധ്യം വീണ്ടും വെളിപ്പെട്ടതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. മാവോയിസ്റ്റുകള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനാവാതെ കേരള-കര്‍ണാടക പോലീസ് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: