മൊഹാലി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും സെഞ്ച്വറിയിലേക്ക് കുതിക്കുന്ന മുരളി വിജയിന്റെയും കരുത്തില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 283 റണ്‍സെടുത്തിട്ടുണ്ട്. 185 റണ്‍സോടെ ധവാനും 83 റണ്‍സുമായി മുരളി വിജയുമാണ് ക്രീസില്‍. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 408 റണ്‍സെടുത്തിരുന്നു. 99 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും 92 റണ്‍സെടുത്ത സ്മിത്തുമാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
7ന് 237 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി സ്മിത്തും സ്റ്റാര്‍ക്കും ചേര്‍ന്ന് ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 97 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൂറ്റനടിക്ക് മുതിരാതെ ലൂസ് ബോളുകളെ തെരഞ്ഞുപിടിച്ച് ബൗണ്ടറിയിലേക്ക് പറത്തിയ ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യന്‍ ബൗളിംഗ്നിര നിസ്സഹായരാകുന്നതാണ് കണ്ടത്. ഒടുവില്‍ സ്കോര്‍ 348-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 185 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറിയും ഒരു സിക്സറുമടക്കം 92 റണ്‍സെടുത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിനെ പുറത്താക്കി പ്രഗ്യാന്‍ ഓജയാണ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. ധോണി സ്റ്റാമ്പ് ചെയ്താണ് സ്മിത്ത് മടങ്ങിയത്. പിന്നീട് സ്റ്റാര്‍ക്കിന്റെ ഒറ്റയാള്‍ പോരാട്ടത്തിനാണ് മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഓസീസ് സ്കോര്‍ 399-ല്‍ എത്തിച്ചശേഷമാണ് സ്റ്റാര്‍ക്ക് മടങ്ങിയത്. 144 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറിയുമായി 99 റണ്‍സെടുത്ത് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന സ്റ്റാര്‍ക്കിന് നിര്‍ഭാഗ്യം കൊണ്ടാണ് അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടമായത്. 99 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഇഷാന്ത് ശര്‍മ്മ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് അഞ്ച് റണ്‍സെടുത്ത ദോഹര്ട്ടിയെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് ഇന്നിംഗ്സ് 408 റണ്‍സില്‍ അവസാനിച്ചു. ഒന്‍പത് റണ്‍സ് നേടിയ നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ആര്.അശ്വിനും പ്രഗ്യാന്‍ ഓജയ്ക്കും രണ്ട് വിക്കറ്റുകള്‍ വീതവും ലഭിച്ചു.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ഉജ്ജ്വല തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്ന് നല്‍കിയത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ധവാന് യഥാര്‍ത്ഥത്തില്‍ പുറത്തായിരുന്നെങ്കിലും ഓസ്ട്രേലിയന്‍ ടീം അപ്പീല്‍ ചെയ്യാതിരുന്നതോടെ രക്ഷപ്പെട്ട ധവാന് പിന്നീട് ഓസ്ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ധവാന് സെവാഗിനെപ്പോലും വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ അര്‍ദ്ധസെഞ്ച്വറിയും സെഞ്ച്വറിയും പിന്നിട്ട് കുതിച്ചതോടെ ഇന്ത്യന്‍ സ്കോറിംഗിനും റോക്കറ്റ് വേഗം കൈവന്നു. 50 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി തികച്ച ശിഖര്‍ ധവാന് 85 പന്തുകളില്‍ നിന്നാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 21 ബൗണ്ടറികളും ഇതിന് അകമ്പടിയേകി. പിന്നീട് അധികം കഴിയും മുന്നേ മുരളി വിജയും അര്‍ദ്ധസെഞ്ച്വറി നേടി. ധവാന് തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ മുരളി വിജയ് സാവധാനത്തിലായിരുന്നു സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറിക്കും മുരളി വിജയ് സെഞ്ച്വറിക്കും അടുത്തെത്തി നില്‍ക്കുകയാണ്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് വിക്കറ്റ് സ്കോറും ധവാനും മുരളി വിജയും ചേര്‍ന്ന് നേടിയ 283 റണ്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: