ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാവാത്തതില്‍ ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായി. ശ്രീനഗറില്‍ ബുധനാഴ്ച്ചയുണ്ടായ ചാവേറാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കി പ്രതിപക്ഷവും മറ്റു കക്ഷികളും ഉന്നയിച്ച ചോദ്യങ്ങള്‍ നേരിടാനാവാതെ സര്‍ക്കാര്‍ വിയര്‍ത്തു.
കൊല്ലപ്പെട്ട ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ അസാന്നിദ്ധ്യം എടുത്തു പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ് ലോക്സഭയില്‍ വിഷയം അവതരിപ്പിച്ചത്. ഭീകരവാദ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന് ആണെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടികള്‍ക്ക് മുതിരാത്തത് ഇന്നലെ ഇരുസഭകളേയും പലവട്ടം സ്തംഭിപ്പിച്ചു. പാക്കിസ്ഥാന് പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫ് കഴിഞ്ഞ ദിവസം രാജ്സ്ഥാന്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് വീണ്ടും ഭീകരവാദ ആക്രമണമുണ്ടായത്.
ഇനിയെങ്കിലും ആഭ്യന്തരമന്ത്രി പാക്കിസ്ഥാനില്‍ ചെന്ന് പ്രധാനമന്ത്രിയെ കണ്ട് സംസാരിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന്റെ പ്രസ്താവനയ്്ക്കെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ ബഹളം വച്ചപ്പോള്‍ പ്രതിപക്ഷത്തെയല്ല പാക്കിസ്ഥാനെയാണ് സര്‍ക്കാര്‍ പ്രതിരോധിക്കേണ്ടതെന്ന് ബിജെ.പി പറഞ്ഞു. തുടര്‍ന്നാണ് ക്ഷുഭിതനായ ആഭ്യന്തരമന്ത്രി ആക്രമണത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് സഭയില്‍ വ്യക്തമാക്കിയത്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ ഡയറിയിലുള്ള ഫോണ്‍ നമ്പറുകള്‍ പാക്കിസ്ഥാനിലുള്ളതാണെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു. പിന്നീട് അദ്ദേഹം വെടിക്കോപ്പുകള്‍ കറാച്ചിയില്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയെന്നും ആക്രമണം നടത്തിയവര്‍ പാക്കിസ്ഥാന് ബന്ധമുള്ള വിദേശികളാണെന്നും പ്രസ്താവനയിറക്കി. ജമ്മുകാശ്മീരിലെ യുവാക്കളെ ഇതിനായി പരിശീലിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനെഴുന്നേറ്റ ബിജെപി നേതാവ് വെങ്കയ്യ നായിഡുവിനെ രാജ്യസഭാ ഉപദ്ധ്യക്ഷന്‍ പി.ജെ.കുര്യന് എതിര്‍ത്തപ്പോള്‍ രവിശങ്കര്‍ പ്രസാദ് ഇതു സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഷിന്‍ഡെയ്ക്കു നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ആക്രമണത്തില്‍ മരിക്കുന്ന ജവാന്മാര്ക്ക് ആദാരാഞ്ജലി അര്‍പ്പിക്കുന്നതോടെ നമ്മുടെയൊക്കെ ജോലി അവസാനിച്ചോ എന്നായിരുന്നു സുഷമാ സ്വരാജിന്റെ ചോദ്യം. കളിക്കാരുടെ വേഷത്തില്‍ എത്തിയാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ഇത്തരം സംഭവങ്ങള്‍ എത്രനാള്‍ തുടരുമെന്നും സുഷമ ചോദിച്ചു.
ലോക്സഭയിലെ ഷിന്‍ഡെയുടെ അസാന്നിദ്ധ്യത്തെ കുറച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി പ്രതിഷേധിച്ചു. അതേസമയം, പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിസ നല്കുന്ന നടപടി ഇന്ത്യ മരവിപ്പിച്ചു. ആക്രമണത്തിന് പാക് ബന്ധം കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുണ്ടായത്.
ഇതിനിടെ, കൊല്ലപ്പെട്ട സൈനികര്‍ക്ക് കാശ്മീരിലെ സൈനിക ആസ്ഥാനത്ത് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങില്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്ത നടപടിയാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിനു ശേഷം, സൈനികരില്‍ ചിലര്‍ ചടങ്ങിലെ സര്‍ക്കാരിന്റെ അസാന്നിദ്ധ്യത്തെ ചോദ്യം ചെയ്തിരുന്നു.
ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്ത 60 തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അംഗങ്ങളും ഇന്നലെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: