ന്യൂദല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യുടെ വികസന പദ്ധതി നടത്തിപ്പില്‍ കോടികളുടെ അഴിമതി. നവരത്ന സ്ഥാപനങ്ങളിലൊന്നായ സെയിലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഓര്‍ഗനൈസര്‍ വാരിക വ്യക്തമാക്കുന്നു. 25000 കോടിയിലധികം രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.
ടുജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത്, ഹെലികോപ്ടര്‍ അഴിമതിക്കൊപ്പം നില്ക്കുന്ന വന്‍ അഴിമതിയാണ് യുപിഎ സര്‍ക്കാരിന്റെ കീഴില്‍ സെയിലില്‍ നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കമ്പനി തകര്‍ച്ചയിലേക്ക് എന്ന സൂചന നല്കി ഓഹരിമൂല്യത്തിലും കുത്തനെ ഇടിവുണ്ടായി. 2010 ല്‍ 240 ഉണ്ടായിരുന്ന ഓഹരിമൂല്യം ഇപ്പോള്‍ 60 മാത്രമാണ്.
ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം പൂട്ടേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വികസന പദ്ധതി നടപ്പാക്കുന്നതില്‍ ബോധപൂര്‍വം വരുത്തിയ കാലതാമസവും വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കരാര്‍ നല്കിയതും ആണ് കമ്പനിക്ക് താങ്ങാനാവാത്ത നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്.
ഒരു ലക്ഷത്തിലധികം ജിവനക്കാരുള്ള സെയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസന പദ്ധതി തയ്യാറാക്കിയത് എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്താണ്. ഭിലായി, റൂര്‍ക്കലെ, ബേണ്‍പൂര്‍ ബൊക്കാറോ, ദുര്‍ഗാപ്പൂര്‍, സേലം എന്നീ യൂണിറ്റുകള്‍ ആധുനികവല്‍ക്കരിച്ച് ഉല്‍പ്പാദനം ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. 2020 ഓടെ രാജ്യത്തിന്റെ സ്റ്റീല്‍ ഉല്പാദനത്തിന്റെ മൂന്നിലൊന്ന് സെയിലില്‍ നിന്നാകണം എന്നതായിരുന്നു ഉദ്ദേശ്യം.
വികസന പദ്ധതി തയ്യാറാക്കിയത് എന്‍ഡിഎ സര്‍ക്കാരായിരുന്നെങ്കിലും ആരംഭിച്ചത് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. 2004 ല്‍ 35000 കോടി ചെലവിനായി വിലയിരുത്തിയിരുന്നത്. 2010 ല്‍ അത് 54000 കോടിയായി ഉയര്‍ത്തി. വികസന പദ്ധതികള്‍ പൂര്ത്തിയാകണമെങ്കിന് 72000 കോടിവേണമെന്നതാണ് ഇപ്പോള്‍ പറയുന്നത്. 10 വര്‍ഷത്തിനകം ലക്ഷ്യം വെച്ച വികസനങ്ങളൊന്നും നടക്കാതെയാണ് കരാര്‍തുക ഇരട്ടിയിലധികം ആയിരിക്കുന്നത്.
2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റാം വിലാസ് പാസ്വാനായിരുന്നു ഉരുക്ക് വകുപ്പിന്റെ ചുമതല. വകുപ്പിന്റെ കീഴിലുള്ള വരുമാനമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം നിയന്ത്രിച്ചിരുന്നത് പാസ്വാന്റെ വലംകൈ ആയിരുന്ന സഞ്ജയ കുമാര്‍ പസാരിയാണ്. മധ്യസ്ഥനായും കമ്മീഷന് ഏജന്റായും നിന്നുകൊണ്ട് കോടികളാണ് സഞ്ജയ കുമാര്‍ സ്വരൂപിച്ചത്. കണക്കാക്കിയ തുകയേക്കാള്‍ ഒന്നും രണ്ടും ഇരട്ടി തുകയ്ക്കാണ് പല കരാറുകളും നല്‍കിയത്. കരാറുകാരും ഉദോഗസ്ഥരും രാഷ്ടീയ നേതൃത്വവും ചേര്‍ന്നുള്ള ഒത്തുകളിയിലൂടെയായിരുന്നു ഇത് സാധിച്ചിരുന്നത്. മത്സരമില്ലാതെ തന്നെ കരാര്‍ ഉറപ്പിക്കും.പാസ്വാന് മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം സഞ്ജയ കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അട്ടിമറിക്കപ്പെടുകയായിരുന്നു. 2000 കോടിയുടെ കൈക്കൂലി കേസില്‍ സഞ്ജയ കുമാര്‍ അമേരിക്കയില്‍ പിടിക്കപ്പെട്ടിരുന്നു.
പാസ്വാനു ശേഷം കോണ്‍ഗ്രസിലെ ബേനി പ്രസാദ് വര്‍മ്മ വകുപ്പിന്റെ ചുമതല ഏറ്റെങ്കിലും സെയിലിലെ അഴിമതി തുടര്‍ന്നു എന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവിട്ട പണത്തില്‍ ഒരു വിഭാഗം സെയിലിലെ അഴിമതിപണമാണെന്ന ആരോപണം ഉണ്ടായിരുന്നു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: