മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്സണലും തമ്മില്‍ ഏറ്റുമുട്ടും. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ജര്‍മ്മന്‍ ടീമായ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയിരുന്നു. അതിനാല്‍ ഇന്നത്തെ പോരാട്ടത്തില്‍ അവസാന എട്ടില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് കേവലം ഒരു സമനില മാത്രം മതി. മറിച്ച് ആഴ്സണലിനാവട്ടെ മികച്ച വിജയം അനിവാര്യമാണ്.
എവേ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് മൂന്ന് ഗോളുകള്‍ നേടിയതിനാല്‍ ഇന്ന് ചെറിയ മാര്‍ജിനില്‍ പരാജയപ്പെട്ടാലും ബയേണ്‍ ക്വാര്‍ട്ടറില്‍ കടക്കും. അതേസമയം ആഴ്സണലിന് പ്രീമിയര്‍ ലീഗിലും കഷ്ടകാലമാണ്. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ടോട്ടനത്തോടും പരാജയപ്പെട്ട ആഴ്സണല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ഈ സീസണില്‍ അവരുടെ മികച്ച താരമായിരുന്ന റോബിന് വാന്‍പെഴ്സി മാഞ്ചസ്റ്ററിലേക്ക് കൂടുമാറിയതോടെയാണ് ആഴ്സണലിന്റെ മുന്നേറ്റക്ക് ശക്തികുറിച്ചത്. അതേസമയം ഈ സീസണില്‍ ടീമിലെത്തിയ ജര്‍മ്മന്‍ താരം ലൂക്കാസ് പൊഡോള്സ്കിക്ക് ഇതുവരെ മികച്ച ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല എന്നതും ആഴ്സന്‍ വെംഗറുടെ ചെമ്പടക്ക് തിരിച്ചടിയാണ്.
അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബയേണ്‍ മ്യൂണിക്ക് സ്വന്തം മൈതാനമായ അലയന്‍സ് അരീനയില്‍ ഇന്ന് ഇറങ്ങുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ ഫ്രാങ്ക് റിബറി ഇന്ന് കളിക്കാനിറങ്ങില്ലെങ്കിലും മുള്ളറും ക്രൂസും മാന്‍സുകിക്കും ഉള്‍പ്പെടുന്ന താരനിര റിബറിയുടെ അഭാവം നികത്താന്‍ കഴിവുള്ളവരാണ്. കാല്‍ക്കുഴക്കേറ്റ പരിക്കാണ് റിബറിക്ക് തിരിച്ചടിയായത്. അതേപോലെ പ്ലേമേക്കര്‍ ബാസ്റ്റ്യന്‍ ഷ്വയ്ന്‍സ്റ്റീഗറും പ്രതിരോധനിരയിലെ കരുത്തന് ബോട്ടെംഗും സസ്പെന്ഷന് കാരണം ഇന്ന് പുറത്തിരിക്കും.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ മലാഗ എഫ്സി പോര്‍ട്ടോയുമായി ഏറ്റുമുട്ടും. ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എഫ്സി പോര്‍ട്ടോ 1-0ന് വിജയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ പോരാട്ടം മലാഗയുടെ മൈതാനത്താണ് എന്നത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: