അഞ്ചുലക്ഷം ആളുകള്‍ മഹാശിവരാത്രി ദിവസം ആലുവയില്‍ ബലിതര്‍പ്പണത്തിനെത്തി എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഇന്ന് കേരളത്തില്‍ മാഞ്ഞുപോകാത്ത ചുരുക്കം ചില ആചാരങ്ങളില്‍ ഒന്നായി ശിവരാത്രി തുടരുന്നുവല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു.
ഇന്ന് വൃദ്ധരായ മാതാപിതാക്കളെ വഴിയാധാരമാക്കുകയോ വൃദ്ധസദനത്തിലെത്തിക്കുകയോ ചെയ്യുന്ന മലയാളിയാണ് വ്രതം അനുഷ്ഠിച്ച് പിതൃപ്രീതിക്കായി ബലിതര്‍പ്പണത്തിനെത്തുന്നത്. ജീവിക്കുമ്പോള്‍ നല്‍കാത്ത സ്നേഹാദരങ്ങള്‍ മരണശേഷം ബലിപ്രക്രിയയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഇവരില്‍ ഭൂരിപക്ഷവും നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പിതൃക്കളുടെ “പ്രാക്ക്” ഭയന്നിട്ടാണോ എന്നാണ് എന്റെ സംശയം. മരിച്ചുകഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഇല്ലാത്ത ശക്തി കൈവരും എന്നും അവര്‍ പ്രതികാരം ചെയ്തേക്കാം എന്നും ഉള്ള ഭയം മൂലമായിരിക്കും ഇവര്‍ ഇതിന് തയ്യാറാകുന്നത്.
മലയാളികള്‍ക്ക് ഇന്ന് മലയാളം പഠിക്കുന്നതുപോലും അപമാനകരമാണ്. ‘മോഡേണ്‍’ എന്നാല്‍ ഇംഗ്ലീഷ് മാത്രമറിയുന്ന, മലയാളം അറിയാത്ത പാശ്ചാത്യ വേഷവിധാനങ്ങളോടെ, സ്പൂണും ഫോര്‍ക്കും അല്ലെങ്കില്‍ ഫോര്‍ക്ക് മാത്രം ഉപയോഗിച്ച് ആഹാരം കഴിക്കുന്ന സമ്പ്രദായമാണ് എന്നാണ് ചിലര്‍ക്കെങ്കിലും ധാരണ. മുണ്ട് ഉടുക്കുന്നത് കേരളപ്പിറവി ദിനത്തില്‍ മാത്രമാണല്ലൊ. വിവാഹത്തിനും. വിവാഹത്തിന് ഇനി എന്നാണ് വരന് പാന്റ് ഇട്ട് വരുന്നത് എന്ന് ടിഡിഎം ഹാളില്‍ ഓരോ വിവാഹചടങ്ങിന് കൂടുമ്പോഴും ഞാന്‍ ആശങ്കപ്പെടാറുണ്ട്. പക്ഷെ വിവാഹ ചടങ്ങുകള്‍ നാം പുതിയതായി കൂട്ടിക്കൊണ്ടുവരുന്നു. നിറുകയില്‍ സിന്ദൂരം ഇടലും മറ്റും പുതിയ അനുകരണമാണല്ലൊ.
ഇന്ന് ഓണവും വിഷുവും മലയാളി ആഘോഷിക്കുന്നുണ്ട്. ഹൈ-ഫൈ ഓണമാണെങ്കിലും! പൂക്കള്‍ തമിഴ്നാട്-കര്‍ണാടക വക. പൂവിടല്‍ മത്സരങ്ങളില്‍ മാത്രം. ഓണസദ്യ എന്നാല്‍ ഹോട്ടല്‍ അല്ലെങ്കില്‍ വിനായക, വിഘ്നേശ്വര തുടങ്ങിയ കേറ്ററേഴ്സ് വക. വിഷുക്കണി ഇന്നും തുടരുന്നു. പക്ഷെ, തിരുവാതിര കളി യൂത്ത് ഫെസ്റ്റിവല്‍ ഐറ്റം നമ്പര്‍ ആണ്. തിരുവാതിരപ്പാട്ടുകള്‍ ഇതുവഴിയെങ്കിലും കാലത്തെ അതിജീവിക്കും എന്ന് പ്രതീക്ഷിക്കാം.
ഇപ്പോള്‍ കാക്കനാട്ട് നടക്കുന്ന കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം പുതിയ തലമുറ അത്ഭുതത്തോടെ കണ്ടു എന്ന വാര്‍ത്ത വായിച്ചു. ഈ ഉപകരണങ്ങളുടെ പേരുപോലും ഈ തലമുറയ്ക്കറിയില്ല.
ഇങ്ങനെ എല്ലാം ചിന്തിക്കുമ്പോള്‍ ഞാന്‍ ഭാഗ്യവനിതയാണെന്നെനിയ്ക്ക് തോന്നും. രണ്ടു തലമുറയിലെ ജീവിത രീതികള്‍ അറിയുക എന്ന ഭാഗ്യം. ഞാന്‍ ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. അന്ന് കടയില്‍നിന്നും അരി വാങ്ങുന്നതുപോലും മോശമാണ്. സ്വന്തം വയലില്‍നിന്നും കൊയ്ത നെല്ലില്‍നിന്നുള്ള അരി തന്നെ ഉണ്ണണം. സ്വന്തം പുരയിടത്തിലെ പച്ചക്കറികള്‍ മാത്രം ഉപയോഗിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇല്ലാതെ ആ കാലത്ത് വീട്ടിലെ അധികം വരുന്ന നാളികേരം ചന്തയില്‍ വിറ്റ് പെരുമ്പാവൂരിലെ കടകളില്‍നിന്നും ആണ് പരിപ്പും മറ്റും വാങ്ങിയിരുന്നത്.
വയലുകള്‍ വിതയ്ക്കല്‍, പുല്ലു പറിക്കല്‍, ചാരവും ചാണകവും പൊടിച്ച് ചാറ്റല്‍, കൊയ്യല്‍ മുതലായവ പ്രധാന പരിപാടികളാണ്. അന്ന് പുലയരാണ് (ഹരിജനങ്ങള്‍) ഇതെല്ലാം ചെയ്തിരുന്നത്. ചൂണ്ടലും ഈറ്റയും മറ്റും ഉപയോഗിച്ച് കൊട്ടകള്‍, മുറങ്ങള്‍, തൊട്ടികള്‍ മുതലായവ പറയര് (ഹരിജനങ്ങള്‍) ചെയ്തിരുന്നു. കുട്ടകള്‍ പലവിധമായിരുന്നു.കോരുകൊട്ട, വിതക്കൊട്ട, കിരിയിലക്കൊട്ട, വട്ടക്കൊട്ട ഇങ്ങനെ. വിതക്കാനാണ് വിതക്കൊട്ട. നെല്ലുപാറ്റാന്‍ മുറം. അന്ന് നെല്ല് അളന്നിരുന്നത് പറയിലും ഇടങ്ങഴിയിലും നാഴിയിലും മറ്റുമായിരുന്നു. ഇന്ന് കൊട്ടകളും പറകളും ഇടങ്ങഴിയും കണ്ട് കുട്ടികള്‍ ആശ്ചര്യപ്പെട്ടു … ഇന്ന് പറ …… സ്വീകരണമുറിയിലെ അലങ്കാര വസ്തുവാണ്. ഇടങ്ങഴി തന്നെ ചെറിയ ഇടങ്ങഴിയും ഒത്തേനിടങ്ങഴിയും (വലിയത്) ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു ധര്‍മ്മക്കാരി വന്നപ്പോള്‍ അമ്മ എന്നോട് നെല്ല് എടുത്ത് ധര്‍മ്മം കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അറപ്പുരയില്‍ കയറി ഇടങ്ങഴി എടുത്ത് നെല്ല് അളക്കുന്നത് കണ്ടുകൊണ്ടുവന്ന അമ്മ എന്നോട് ഇടങ്ങഴി നെല്ല് അളന്നല്ല, രണ്ടുകയ്യും കൂട്ടി വാരി എടുക്കുന്ന നെല്ലാണ് കൊടുക്കേണ്ടത് എന്നു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
വേനല്‍ക്കാലത്ത് പുഞ്ച കിണറില്‍ തുലാക്കൊട്ട കെട്ടി വെള്ളം തേവിയാണ് നനച്ചിരുന്നത്. ഓരോ കൊട്ടയും എണ്ണുന്നത് “ഒന്നാതിലെ രണ്ടേ” എന്നുതുടങ്ങുന്ന പാട്ട് പാടിയായിരുന്നു. “തേക്ക് പാട്ട്” എന്ന് വിളിച്ചിരുന്ന ഇത് പാടിയിരുന്ന ഹരിജനങ്ങള്‍ കണക്ക് പഠിക്കുകയോ വിദ്യ അഭ്യസിക്കുകയോ ചെയ്തിരുന്നില്ലെങ്കിലും നൂറുവെള്ളം തേവി എന്നുപറയുന്നത്. ഞാന്‍ കേട്ടിട്ടുണ്ട്.
ജീവിത രീതികള്‍, സംസ്ക്കാരങ്ങള്‍, ആചാരങ്ങള്‍ എല്ലാം മാറി. പരസ്പ്പര സ്നേഹവും ആദരവും അപ്രത്യക്ഷമായി. അയല്‍ബന്ധങ്ങള്‍ നശിച്ചു. ഇന്ന് മാധ്യമങ്ങള്‍ നിരന്തരം സ്ത്രീ-ബാലിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മദ്യപിച്ച് കാലുറയ്ക്കാത്ത പൈങ്കിളിയുടേയും കുറുമ്പന്റേയും അടുത്തുകൂടി മേല്‍ കഴുകി നനഞ്ഞ വസ്ത്രമുടുത്ത് ഞാന്‍ എത്രയോ പ്രാവശ്യം പോയിരിക്കുന്നു എന്നോര്‍ക്കുന്നു. മിഴി ഉയര്‍ത്തി നോക്കുകപോലും അവര്‍ ചെയ്തിരുന്നില്ല. അന്ന് സ്ത്രീകള്‍ കൂട്ടമായി അമ്പലക്കുളങ്ങളില്‍ കുളിയ്ക്കുമ്പോള്‍ അടുത്ത കടവില്‍ പുരുഷന്മാര് കുളിയ്ക്കുന്നുണ്ടാകും. ഇന്ന് ബാത്ത് റൂമില്‍ പോലും ഒളി ക്യാമറ വച്ച് നഗ്നചിത്രം, സ്വന്തം മാതാവിന്റെ പോലും എടുത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന തലമുറയാണ് ഉള്ളത്.
പുരോഗമനം, പരിഷ്ക്കാരം മുതലായ വാക്കുകളില്‍ സംസ്ക്കാരത്തിന് സ്ഥാനമില്ല. സംസ്ക്കാരം എന്നാല്‍ കലാബോധം മാത്രമല്ല, ബഹുമാനിക്കേണ്ടവരെയും ആദരിക്കേണ്ടവരെയും സ്നേഹിക്കപ്പെടേണ്ടവരെയും തിരിച്ചറിയുകയും സഹായിക്കുകയും മറ്റും ചെയ്യുക എന്നതല്ലെ എന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്. ഇന്ന് അയല്‍വക്കത്തെ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമ്പോള്‍ പണ്ട് അയല്പക്കം നന്നായാല്‍ ജീവിതം നന്നാകും എന്നായിരുന്നു ചൊല്ലും.
ഇന്ന് സ്ത്രീപീഡനം വര്‍ധിക്കുന്നത് മദ്യോപയോഗം കൂടുന്നതുകൊണ്ടാണ് എന്നാണ് ന്യായീകരണം. പക്ഷെ മദ്യോപയോഗം അമ്മയെയും പെങ്ങളെയും തിരിച്ചറിയാതാകുമോ? കൊച്ചുകുട്ടികളെ ഓമനിക്കാനല്ല, ലൈംഗിക പീഡനം നടത്താനാണ് ഇന്ന് അച്ഛനും രണ്ടാനച്ഛനും സഹോദരനും അയല്‍വാസിയ്ക്കും തോന്നുക. സ്ത്രീയ്ക്ക് അവസരസമത്വം കിട്ടി എന്നു പ്രഖ്യാപിക്കുമ്പോഴും സ്ത്രീകള്‍ക്കും സ്വന്തം ഇടമില്ല എന്നത് സത്യം. പൊതുഇടത്തിലോ വാഹനത്തിലോ വീട്ടിലോ സുരക്ഷിതയല്ലാത്ത സ്ഥിതിയിലേയ്ക്ക് പിഞ്ചുബാലികമാര്‍ വരെ മാറുന്നു.
ദല്‍ഹി കൂട്ടബലാത്സംഗത്തെക്കാള് എന്നെ ഞെട്ടിച്ചത് മൂന്ന് വയസ്സുകാരിയുടെ പീഡനാനുഭവമയിരുന്നു. അവള്‍ക്ക് ഇപ്പോള്‍ സ്വകാര്യ ഭാഗങ്ങളിലെല്ലാം സര്‍ജറി വേണ്ടിവന്നു എന്നുകേള്‍ക്കുമ്പോള്‍ ആ കുട്ടിയെ ഉപദ്രവിച്ച ആളെ മനുഷ്യമൃഗം എന്നല്ല വിളിക്കേണ്ടത്, മനുഷ്യപ്പിശാച് എന്നാണ്. ദല്‍ഹിയിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സഗം ചെയ്ത് കൊന്ന കുറ്റത്തിന് ജയിലിലായ പ്രതി ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത വന്നപ്പോള്‍ അയാള്‍ മദ്യം കഴിച്ചാല്‍ മനുഷ്യമൃഗമായി മാറുമായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞുവത്രെ. മൃഗങ്ങള്‍ സ്വന്തം വര്‍ഗത്തോട് ഈ വിധം ക്രൂരത കാണിക്കില്ല. അവര്‍ ഇണചേരേണ്ട സമയത്ത് മാത്രം ഇണയെ തേടുകയും ഇരതേടേണ്ടപ്പോള് ഇരയെ തേടുകയും ചെയ്യുന്ന വര്‍ഗനീതി ഉള്ള ജീവികളാണ്. മനുഷ്യപ്പിശാചുക്കളെ മൃഗങ്ങളോട് ഉപമിക്കുന്നത് മൃഗങ്ങളെ അപമാനിക്കലായിരിക്കും. ലോക്നാഥ് ബെഹ്റ ഐപിഎസ് പ്രസംഗിക്കാറുള്ളതുപോലെ മനുഷ്യരെ പട്ടി എന്നു വിളിച്ചാല്‍ പട്ടിക്കാണ് അപമാനം. കാരണം നായ്ക്കളോളം വിശ്വസ്തതയും സ്നേഹവും പുലര്‍ത്തുന്ന ഒരു ജീവിയും വേറെ ഇല്ല.
എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസം സംസ്ക്കാരവും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്നില്ല. മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് അമ്മമാരാണ്. പക്ഷെ ഇന്ന് ജോലി ചെയ്ത് മടങ്ങി എത്തി ടിവിയ്ക്ക് മുന്പില് റിലാക്സ് ചെയ്യുന്ന അമ്മമാര്‍ക്ക് അതിനെവിടെ നേരം? ഈയിടെ ഒരു ഫാമിലി കൗണ്‍സലര്‍ എന്നോട് പറഞ്ഞു ഒരമ്മ തന്റെ മകള്‍ ഇപ്പോള്‍ തന്നോട് ഒന്നും പറയുന്നില്ലെന്ന്. അമ്മമാര്‍ സ്വയം നിര്‍മിക്കുന്ന അതിരുകളെക്കുറിച്ച് അവര്‍ ബോധവതികളായിരിക്കില്ല. പക്ഷെ അമ്മയ്ക്ക് തന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ല എന്ന ധാരണ പെണ്മക്കളില് ഇന്ന് വ്യാപകമാണ്.
സാമൂഹിക-സാംസ്ക്കാരിക മൂല്യങ്ങള്‍ പകര്‍ന്നു നല്കുന്നതില് മതസ്ഥാപനങ്ങള്‍ക്ക് പ്രധാന റോള്‍ വഹിക്കാം. ഗീതയും ഭാഗവതവും മറ്റും പഠിപ്പിക്കുന്നതിനോടൊപ്പം സമകാലിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അവബോധം കൂടി നല്‍കണം. ജനപക്ഷ മതസ്ഥാപനങ്ങള്‍ മതതീവ്രവാദമല്ല, മനുഷ്യ സാഹോദര്യമാണ് പഠിപ്പിക്കേണ്ടത്. ദൈവം മനസ്സിനുള്ളിലാണ്. ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ധ്യാനം മാത്രം മതി. മതവിദ്വേഷം വേണ്ട. പക്ഷെ മനുഷ്യരാശി മനുഷ്യത്വത്തോടെ ജീവിക്കണമെങ്കില്‍ സ്നേഹം, സമത്വം, ദയ, മര്യാദ മുതലായ ചില ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളണം.
ആഗോള സംസ്ക്കാരം ഉള്‍ക്കൊള്ളാനാണ്, ഇന്ന് താല്‍പ്പര്യം വികസനം എന്ന പേരില്‍ ഇന്ത്യക്കാരെ ഉന്മൂലനം ചെയ്യാന്‍ ഓരോ നടപടികള്‍ പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി മന്മോഹന് സിംഗിനെപ്പോലെ ജനങ്ങളും ഭ്രമിക്കുകയാണ്.
ഇത് പുനര്‍വിചിന്തനത്തിന്റെ സമയമാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: