ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അകമഴിഞ്ഞ് സംഭാവന നല്കിയപ്പോള് അതിനായി ഒരു ചില്ലിക്കാശുപോലും നല്‍കാതിരുന്നത് അന്ന് മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളം ഭരിച്ചിരുന്ന സര്‍ക്കാരായിരുന്നു
ഇപ്പോള്‍ സ്വാമി വിവേകാനന്ദനെ സ്വന്തമാക്കാന്‍ ഉത്സാഹം കാണിക്കുന്ന ഇടതുപാര്‍ട്ടികള്‍ ഈ സാംസ്ക്കാരികനിന്ദയെക്കുറിച്ച് മൗനം പാലിക്കുകയാണ് പതിവ്. ഇപ്പോഴിതാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന സര്‍ക്കാരിന് കീഴിലും സ്വാമി വിവേകാനന്ദനെ നിന്ദിക്കുകയാണ്. അതും ലോകമെമ്പാടും ആ സന്യാസിവര്യന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷം അങ്ങേയറ്റത്തെ ആദരവോടും അഭിമാനത്തോടുംകൂടി നടത്തുമ്പോള്‍ സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷത്തിന് ഏജീസ് ഓഫീസില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്
സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ക്ക് ആദ്യം അനുമതി നല്കിയ ഓഫീസ് പലതവണ ആഘോഷ തീയതിമാറ്റി വയ്ക്കുകയും ഒടുവില്‍ ഏജീസ് ഓഫീസില്‍ പരിപാടി നടത്താനാവില്ലെന്ന് അറിയിക്കുകയുമായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷങ്ങള് യുവജനക്ഷേമവകുപ്പിന്റെയും ശ്രീരാമകൃഷ്ണആശ്രമത്തിന്റെയും ആഭിമുഖ്യത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാടെങ്ങും സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനായി ശ്രീരാമകൃഷ്ണാശ്രമത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്
ഇതിന്റെ ഭാഗമായ പരിപാടി നടത്തുന്നതിനായി ആശ്രമഭാരവാഹികള് എജിയുടെ ഓഫീസുമായി ഒന്നരമാസങ്ങള്ക്ക്മുന്പ് ബന്ധപ്പെട്ടിരുന്നു. ബംഗാള്‍ സ്വദേശിയും പ്രിന്‍സിപ്പല്‍ എജിയുമായ ജി.എന്‍.ഘോഷ് പരിപാടി നടത്താന്‍ സമ്മതം നല്‍കുകയും ചെയ്തു. ഇതനുസരിച്ച് മാര്‍ച്ച് അഞ്ചിന് സ്വാമി വിവേകാനന്ദന് കര്‍മവും അതിന്റെ രഹസ്യവും എന്ന വിഷയത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോളിന്റെയും കേരള നവോത്ഥാനത്തില്‍ സ്വാമി വിവേകാനന്ദന്റെ പങ്ക് എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ അക്കാദമിക് ഡയറക്ടര്‍ ഡോ.മധുസൂദനന്‍പിള്ളയുടെയും പ്രഭാഷണങ്ങളാണ് നിശ്ചയിച്ചത്. എന്നാല്‍ പ്രഭാഷണ പരമ്പരയില്‍ ഹിന്ദു, സന്യാസി തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്ന വിചിത്രമായ നിര്‍ദ്ദേശങ്ങളും എജിയുടെ ഓഫീസ് മുന്നോട്ടുവച്ചു
ഇതിനിടെ ശ്രീരാമകൃഷ്ണ ആശ്രമത്തിന് പരിപാടി നടത്താന്‍ എത്ര ഫണ്ട് അനുവദിച്ചുവെന്നുള്ള സര്‍ട്ടിഫിക്കറ്റ് കാണണമെന്ന് വെല്‍ഫെയര്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരില്‍നിന്നുള്ള ഔദ്യോഗിക ഉത്തരവിന്റെ കോപ്പി സംഘാടകര്‍ വെല്‍ഫെയര്‍ ഓഫീസറെ കാണിച്ചു ബോധ്യപ്പെടുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. ഇതൊരു തന്ത്രം മാത്രമായിരുന്നു. പരിപാടിയുടെ രണ്ട് ദിവസം മുമ്പ് എജിയുടെ ഓഫീസില്‍നിന്നും ഒരു അറിയിപ്പുണ്ടായി. ഓഡിറ്റോറിയത്തില്‍ അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പരിപാടി മാറ്റണമെന്നായിരുന്നു അത്. ഏഴിനോ എട്ടിനോ നിശ്ചയിച്ചാല്‍ സൗകര്യമാണെന്നും അറിയിച്ചു. തുടര്‍ന്ന് ഏഴിന് രാവിലെ പരിപാടി നിശ്ചയിച്ചു
ഇതിനിടെ ഡോ.ബാബുപോളിന് ഏഴിന് മറ്റൊരു പരിപാടിയുണ്ടായതിനാല്‍ സംഘാടകര്‍ ഡോ.നന്ദകുമാര്‍ ഐഎഎസിനെ പ്രഭാഷകനായി നിശ്ചയിച്ചു. എജിയുടെ ഓഫീസ് വീണ്ടും ഇടപെട്ട് പരിപാടി രാവിലെ നടത്താനാവില്ലെന്നും ഏഴിന് ഉച്ചയ്ക്ക് ഇടവേളസമയമായ ഒരു മണിമുതല്‍ നടത്താമെന്നും അറിയിച്ചു. ഈ അവഹേളനവും സഹിച്ച സംഘാടകര്‍ പരിപാടി ഉച്ചയ്ക്ക് ഒരുമണിയിലേക്ക് മാറ്റി. ആറിന് വൈകുന്നേരം പരിപാടി നടത്തുന്നതിനുള്ള ഔദ്യോഗിക അനുമതിപത്രം സംഘാടകര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ പരിപാടി ദിവസമായ ഏഴിന് രാവിലെ ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടി നടത്താനാവില്ലെന്ന് എജിയുടെ സെക്രട്ടറി ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. കാരണം തിരക്കിയ സംഘാടകരോട് അത് വ്യക്തമാക്കാനാവില്ലെന്നായിരുന്നു മറുപടി. ഏജീസ് ഓഫീസില്‍ ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കുന്നത് പ്രിന്‍സിപ്പല്‍ എജിക്കൊപ്പം മറ്റ് മൂന്ന് എജിമാരുടെകൂടെ സമ്മതത്തോടെയാണ്
ഇതില്‍ ബിജു ജേക്കബ് എന്ന പെന്തക്കോസ്ത് വിശ്വാസിയായ എജിയുടെ സമ്മര്‍ദ്ദംമൂലമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. അത് എന്തായിരുന്നാലും പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്തം എജി ഓഫീസിനും സര്‍ക്കാരിനും തന്നെയാണ്. ലോകം ബഹുമാനിക്കുന്ന സ്വാമി വിവേകാനന്ദനെ വന്ദിക്കുന്നതിന് പകരം നിന്ദിക്കുന്ന നടപടിയാണ് ഭരണസിരാകേന്ദ്രത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി തെറ്റ് തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: