ജമ്മു: പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെച്ചൊല്ലി ജമ്മുകാശ്മീര്‍ നിയമസഭയില്‍ ചൂടേറിയ വാക്കേറ്റം. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പ്രധാന പ്രതിപക്ഷമായ പിഡിപിയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടന്നു.
ചര്‍ച്ച തുടങ്ങിവെച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി അഫ്സലിന്റെ വധശിക്ഷയെ മനുഷ്യത്വരഹിതമെന്നാണ് വിശേഷിപ്പിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അഫ്സലിനെ കുടുംബത്തിന് സന്ദര്‍ശിക്കാനായില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. സഭയുടെ എല്ലാ നടപടികളും നിര്‍ത്തിവെച്ച് അടിയന്തരമായി ഇൗ വിഷയം ചര്‍ച്ച ചെയ്യണമെന്ന് മെഹ്ബൂബ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും സിപിഎമ്മും ഈ വിഷയത്തില്‍ നേരത്തെ ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.
അഫ്സലിന്റെ ജീവന് സംരക്ഷണം നല്കാന് കഴിയാതെ പോയത് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് വധശിക്ഷ നടപ്പാക്കിയത്.
ശരിയായ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അഫ്സലിന്റെ ജീവന് രക്ഷിക്കാനാവുമായിരുന്നുവെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. തമിഴ്നാടും പഞ്ചാബും രണ്ട് കുറ്റവാളികളുടെ ജീവന് വധശിക്ഷയില്‍നിന്നും മുമ്പ് രക്ഷിച്ചിട്ടുണ്ട്. ഒമര്‍ അബ്ദുള്ള തികഞ്ഞ പരാജയമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് മെഹ്ബൂബ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനെതിരെ ഭരണപക്ഷം ആഞ്ഞടിച്ചതോടെ സഭ ഇളകിമറിഞ്ഞു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണ് പിഡിപി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഒമര്‍ തിരിച്ചടിച്ചു. വധശിക്ഷ നടപ്പാക്കിയതിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ സഭയില്‍ ഇരുപക്ഷത്തിന്റെയും വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. മുദ്രാവാക്യങ്ങളോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: