ന്യൂദല്‍ഹി: പൊതുധാരണ പ്രകാരം പ്രധാനമന്ത്രിയാകാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ തയാറാണെന്ന് പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപി കോണ്‍ഗ്രസുമായി ലയിക്കുമെന്നത് പലതവണ കേട്ട കെട്ടുകഥ മാത്രമാണെന്നും അങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും പട്ടേല്‍ പറഞ്ഞു.
പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് ശരദ് പവാര്‍ തുടരുമെന്നും പാര്‍ട്ടിയുടെ നിയന്ത്രണം എന്നും അദ്ദേഹത്തിനായിരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ ഭൂരിപക്ഷം നേടുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണോ എന്ന ചോദ്യത്തിന് ഉറപ്പായും എന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ മറുപടി. സര്‍ക്കാര്‍ നിലനില്‍ക്കുന്നത് വലിയ പാര്‍ട്ടിയുടെ അടിസ്ഥാനത്തിലാണ്.
യുപിഎയിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ- സാമ്പത്തിക നയങ്ങളില്‍ എന്‍ഡിഎയും യുപിഎയും തമ്മില്‍ സാമ്യമുണ്ടെന്നും എന്നാല്‍ ഈ അഭിപ്രായത്തിലൂടെ തങ്ങള്‍ രണ്ട് മുന്നണികളെയും താരതമ്യം ചെയ്യുകയല്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: