ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പെട്ടിക്കടയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്. നികുതി വെട്ടിപ്പും പാചകവാതകം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് രാഷ്ട്രം വിലയ്ക്കു വാങ്ങാന്‍ കച്ചകെട്ടിയിറങ്ങിയ ആളാണ് മുകേഷ് എന്നും കേജ്രിവാള് ആരോപിച്ചു. മുകേഷിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്കിയ മുകേഷിന്റെ നടപടിക്കുള്ള മറുപടിയായിട്ടായിരുന്നു കേജ്രിവാളിന്റെ തുറന്നടിക്കല്‍. ചാനലുകള്ക്കെതിരെയല്ല, വാര്‍ത്താസമ്മേളനം നടത്തിയ തങ്ങള്‍ക്കെതിരെയാണ് കേസു കൊടുക്കേണ്ടതെന്ന് പറഞ്ഞ കേജ്രിവാള് മാധ്യമങ്ങള്‍ക്കെതിരെയുള്ള മുകേഷിന്റെ വിലകുറത്ത ഭീഷണി വിലപ്പോവില്ലെന്നും പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള നിങ്ങളുടെ ബന്ധം പരസ്യമായ രഹസ്യമാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംബാനിയുടെ സ്വകാര്യ ഹെലികോപ്റ്റര്‍ ഉപയോഗിക്കാറുണ്ടെന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിങ്ങള്‍ക്കെതിരെ സഹികെട്ട് പ്രതികരിച്ച പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡിയെ മന്ത്രിപദത്തില്‍ നിന്ന് മാറ്റാന്‍ ഈ ബന്ധങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കായി, കേജ്രിവാള് പറഞ്ഞു. പാചക വാതകം ഉത്പാദിപ്പിച്ച് നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഏല്‍പ്പിച്ച വാതക കിണറുകള്‍ അംബാനി തന്റെ സ്വകാര്യ സ്വത്തായിട്ടാണ് ഉപയോഗിക്കുന്നത്. വാതകം ഉണ്ടാക്കി ജനങ്ങള്‍ക്ക് നല്‍കാനുള്ള കരാറുകാരന് മാത്രമായിരുന്ന മുകേഷ് ഇന്ന് പാചകവാതകത്തിന് വിലയിടുന്നു. അടിക്കടി വില വര്‍ദ്ധിപ്പിച്ച് രാജ്യത്തിന്റെ സമ്പത്ത് സര്‍ക്കാരിനു തന്നെ വില്‍ക്കുന്നു. ഇതിനെതിരെയാണ് സഹികെട്ട് ജയ്പാല് റെഡ്ഡി പ്രതികരിച്ചത്. പക്ഷേ കോണ്‍ഗ്രസ് കൈവെള്ളയിലിരിക്കുന്നതിനാല് ഇന്നും റിലയന്‍സിന്റെ കച്ചവടം തുടരുന്നു. ഇതുമൂലം രാസവളത്തിന്റേയും, വൈദ്യുതിയുടേയും പച്ചക്കറികളുടേയും വരെ വില ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിന് പ്രധാനം കാരണം നിങ്ങളാണ്.
കമ്പനിയുടെ ഓഹരികള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്മീഷന് എന്ന നിലയില്‍ വളരെ വിലകുറഞ്ഞ വിലയ്ക്ക് നല്കി. ഒടുവില്‍ വിവാദമായപ്പോള്‍ അവ തിരിച്ചെടുക്കാനും റിലയന്‍സ് മടിച്ചില്ല. പല പ്രധാന മാധ്യമങ്ങളിലും ഇയാള്‍ക്ക് ഓഹരികളുണ്ട്. ഇതുമൂലം ചിലരെ വിലയ്ക്കെടുക്കാന്‍ റിലയന്സിനാവും. എന്നാല്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ മുറുകി പിടിക്കുകയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇന്നും അവിടെ ധാരളമുണ്ടെന്ന് അംബാനി മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: