ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ചികിത്സിച്ച സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്ന് മൊഴിയെടുക്കും.ദല്‍ഹിയിലെ വിചാരണകോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖാന്നക്ക് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഡോകടര്‍മാര്‍ മൊഴി നല്‍കുന്നത്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പെണ്‍കുട്ടി മരിക്കുന്നത്. കൂട്ട ബലാത്സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഡിസംബര്‍ 27നാണ് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വിദഗ്ദ്ധചികിത്സക്കായി സിംഗപ്പൂരിലെത്തിച്ചത്. എന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി അണുബാധയേറ്റ പെണ്‍കുട്ടി 29 ന് മരിച്ചു.
സിംഗപ്പൂരില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റെയാണ് ആദ്യം വിസ്തരിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടര്‍മാരെക്കൂടി വിസ്തരിക്കും. പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിനെയും കോടതി വിസ്തരിച്ചിരുന്നു.
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന മജിസ്ട്രേറ്റിന്റെ പ്രസ്താവന വിവാദമുയര്‍ത്തിയിരുന്നു. ദല്‍ഹി സാകേതിലെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയില്‍ അതീവരഹസ്യമായാണ് വിചാരണ നടക്കുന്നത്. വിചാരണ സംബന്ധമായ വിവരങ്ങള്‍ പുറത്തുവിടുന്നത് കോടതി തടഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അഞ്ച് പ്രതികളാണ് വിചാരണ നേരിടുന്നത്. ഡിസംബര്‍ പതിനാറിനായിരുന്നു സംഭവം. കേസിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ ഇനി മൂന്ന് മാസം കൂടി വേണ്ടിവരും. കേസിലെ ആറാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജുവനെയില്‍ ജസ്റ്റീസ് ബോര്‍ഡാണ് ഇയാള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: