അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി ജനസ്വാധീനമുള്ള നേതാവ് വിട്ടല്‍ റഡാഡിയയും മകന് ജയേഷും കോണ്‍ഗ്രസ് വിടുന്നു. എംഎല്‍എ സ്ഥാനവും രാജിവച്ച ഇദ്ദേഹം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. മകനോടൊപ്പം റഡാഡിയ നിയമസഭയിലെത്തി സ്പീക്കര്‍ വാജുവാലയ്ക്ക് രാജിക്കത്ത് നല്കി. തുടര്‍ന്ന് അഹമ്മദാബാദിലെ സംസ്ഥാന കോണ്‍ഗ്രസ് കാര്യാലയത്തിലെത്തിയ ഇരുവരും തങ്ങളുടെ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ചു.
മുന്‍ എംപി കൂടിയായ റഡാഡിയ സൗരാഷ്ട്രയില്‍ നിന്നുള്ള ശക്തനായ ലെവ പട്ടേല്‍ സമുദായക്കാരനാണ്. വഡോദരയിലെ കര്‍സാന്‍ ടോള്‍ പ്ലാസയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.
ഗുജറാത്തിനെ നശിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ തലതിരിഞ്ഞ നയത്തിനെതിരെ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് പ്രീണന സംസ്കാരമാണുള്ളത്. എംഎല്‍എ സ്ഥാനം രാജി വച്ച ശേഷം റഡാഡിയ പറഞ്ഞു.
എംഎല്‍എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും ഉപേക്ഷിക്കുന്നത് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച റഡാഡിയ മോദി ഗുജറാത്തിനെ ഉയരങ്ങളിലെത്തിച്ചതായും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അദ്ദേഹം തന്നെയായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എംപി സ്ഥാനം രാജിവച്ച് സംസ്ഥാന നിയമസഭയിലെത്തിയ വിട്ടല്‍ റഡാഡിയയുടെ നടപടി മുന്‍ മുഖ്യമന്ത്രി കൂടിയായ ശങ്കര്‍സിംഗ് വഗേലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തിന്റെ സഹകരണ മേഖലയില്‍ അതിയായ സ്വാധീനമുള്ള റഡാഡിയയ്ക്ക് സൗരാഷ്ട്രയിലെ കര്‍ഷകര്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: