ആലുവ: പൂട്ടികിടക്കുന്ന തൃക്കുന്നത്ത് സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ രാവിലെ പള്ളിക്കുപുറത്തുള്ള സെമിത്തേരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ സംബന്ധിച്ചാണ് പ്രശ്നമുണ്ടായത്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വര്‍ഷങ്ങളായി സഭതര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിനിടെ ഇന്നലെ പള്ളിവളപ്പിലുള്ള സെമിത്തേരിയില്‍ പ്രാര്‍ത്ഥന നടത്താനുള്ള ശ്രമമാണ് പ്രശ്നത്തില്‍ കലാശിച്ചത്. യാക്കൊബായ വിഭാഗക്കാര്‍ കപ്യാരുടെ ഔദ്യോഗിക വേഷത്തില്‍ വന്ന് പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗവും രംഗത്തുവന്നു. അതോടെ സംഘര്‍ഷസാദ്ധ്യത രൂപപ്പെടുകയായിരുന്നു. വിശ്വാസികള്‍ ചിലര്‍ പ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്ക് മുന്നില്‍ കുത്തിയിരുന്നു. പ്രശ്നം രൂക്ഷമായതോടെയാക്കൊബായ വിഭാഗക്കാര്‍ തൃക്കുന്നത്ത് പള്ളിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. ഡോ.മാത്യൂസ് മോര് അന്തിമോസിന്റെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് നടത്തിയത്. പ്രശ്നത്തില്‍ പരിഹാരം കാണാതെപോകില്ലയെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസും രാഷ്ട്രീയ പ്രമുഖരും ചര്‍ച്ചകള്‍ നടത്തി. സംഭവസ്ഥലത്തെത്തിയ പോലീസിന്റെ ഇടപെടലാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതില്‍നിന്ന് ഇരുവിഭാഗക്കാരേയും പിന്തിരിപ്പിച്ചത്. ഡിവൈഎസ്പി ആര്.സലീമിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗക്കാരുമായും ചര്‍ച്ച നടത്തി. സി.ഐ.ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘര്‍ഷസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: