ന്യൂദല്‍ഹി: വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭകളിലേക്കും തെരഞ്ഞെടുപ്പ് അടുത്തതോടെ യുപിഎ സര്‍ക്കാര്‍ മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രീണന നടപടികള്‍ ആരംഭിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പത്തുകോടി വോട്ടര്‍മാരെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനാണ് യുപിഎ നീക്കം.
മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാകുമെന്ന കണക്കുകൂട്ടലില്‍ കേന്ദ്രന്യൂനപക്ഷ മന്ത്രാലയം മുസ്ലീങ്ങള്‍ക്കുള്ള വായ്പാ പരിധി അഞ്ച് ലക്ഷത്തില്‍ നിന്നും പത്തുലക്ഷം രൂപയാക്കി ഉയര്‍ത്തി. ഇത് ന്യൂനപക്ഷങ്ങള്ക്കാകെ എന്നാണ് പ്രചാരണമെങ്കിലും ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ മുസ്ലീങ്ങളായിരിക്കും. മുസ്ലീങ്ങള്‍ക്ക് നാലു ശതമാനം വാര്‍ഷിക പലിശ നല്കേണ്ടിവരുമ്പോള് ഇതരവിഭാഗങ്ങള്‍ക്ക് എട്ടു മുതല്‍ പത്തുശതമാനം വരെയാണ് നിരക്ക്.
മുസ്ലീം ചെറുപ്പക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി ഇനി മുതല്‍ രണ്ട് ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാങ്കുകള്‍ 12 ശതമാനം പലിശയാണ് വിദ്യാഭ്യാസ വായ്പയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ള നടപടി സ്വീകരിച്ചത് വകുപ്പിനുള്ളില്‍ നടന്ന ചര്‍ച്ചയിലാണെന്നും അതിനാല്‍ ക്യാബിനറ്റിന്റെ അനുമതി ആവശ്യമില്ലെന്നും ന്യൂനപക്ഷ വകുപ്പ് മന്ത്രി റഹ്മാന് മാലിക് പറഞ്ഞു. ദേശീയ ന്യൂനപക്ഷ ധനവികസന കോര്പ്പറേഷന് വഴിയായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആയിരം കോടി രൂപയുടെ ആസ്തിയില്‍ ന്യൂനപക്ഷങ്ങളെ സേവിക്കുന്ന സ്ഥാപനമാണ് എന്എംഎഫ്ഡിസി. എന്നാല്‍ വായ്പ ആവശ്യമുള്ളവരെ കണ്ടെത്തി അത് എങ്ങനെ വിനിയോഗിക്കുന്നു എന്നു മനസ്സിലാക്കി തിരിച്ചടവ് ഉറപ്പാക്കി വേണം വായ്പ അനുവദിക്കാന്‍, അദ്ദേഹം വ്യക്തമാക്കി.
ബാങ്കുകളിലെയും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളില്‍ മന്ത്രാലയം ഇടപെടും. ബാങ്കുകളെ സമീപിച്ച് ചുവപ്പുനാടകളെ ഒഴിവാക്കും. മുസ്ലീങ്ങള്‍ക്ക് വായ്പ വിതരണം ചെയ്യുന്നതിലെ പരാതികള്‍ പരിഹരിക്കും. പ്രത്യേകിച്ചും കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ഖാന് കൂട്ടിച്ചേര്‍ത്തു.
യുപിഎ സര്‍ക്കാര്‍ പലിശ രഹിത ബാങ്കുകള്‍ മുസ്ലീങ്ങള്‍ക്കായി രൂപീകരിക്കുന്നതില്‍ വലിയ ഉത്സാഹം കാണിച്ചിരുന്നു. ഇതുസംബന്ധിച്ച് ന്യൂനപക്ഷ മന്ത്രാലയം ധനമന്ത്രാലയത്തിന് മുസ്ലീങ്ങള്‍ക്ക് പലിശ രഹിത വായ്പകള്‍ നല്‍കുന്നതിന് സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിലൂടെ രാജ്യത്ത് ബാങ്കുകളില്‍ കെട്ടികിടക്കുന്ന 1.5 ലക്ഷം കോടി യുഎസ് ഡോളര്‍ ഉപയോഗപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാത്തതിലും അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്കാത്തതിനും എതിരെ ഉയര്‍ന്നിരുന്ന പ്രതിഷേധം ഇതിലൂടെ ലഘൂകരിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി പങ്കാളിത്തം ആരോപിക്കുന്നതും വോട്ടിടാന്‍ മാത്രം ഉപയോഗിക്കുന്നു എന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയവും മുസ്ലീങ്ങളെ ഒറ്റപ്പെടുത്തിയതായി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
വിദേശകാര്യവകുപ്പില്‍ നിന്ന് ഹജ് സംബന്ധമായ എല്ലാ കാര്യങ്ങളും പദ്ധതികളും തന്റെ മന്ത്രാലയത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റഹ്മാന് ഖാന് പ്രധാനമന്ത്രി മന്മോഹന്സിംഗിന് നേരിട്ട് കത്തെഴുതിയിരുന്നു. ഇപ്പോള്‍ എച്ച്ആര്ഡ് മന്ത്രാലയത്തിനു കീഴിലുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതിയെ എത്രയും വേഗം ന്യൂനപക്ഷ വകുപ്പില്പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും മന്ത്രാലയത്തിലെ ഉയര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചു.
ഗ്രാമങ്ങളിലെ ദരിദ്രര്‍ക്ക് നേരിട്ട് സബ്സിഡി പണമായി വിതരണം ചെയ്യുന്ന യുപിഎ സര്‍ക്കാരിന്റെ നടപടിയും മറ്റ് സാമ്പത്തിക ഉത്തേജന പദ്ധതികളും മുസ്ലീം സമുദായത്തെ കൂടുതല്‍ സ്വാധീനിക്കുമെങ്കിലും മറ്റ് ന്യൂനപക്ഷങ്ങള്‍ അധികം വൈകാതെ അവരുടെ ഉറപ്പായ വോട്ടര്‍ പട്ടികയില്‍ നിന്നും പതുക്കെ പുറത്താകും. പ്രത്യേകിച്ചും യുപി, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കാലുറപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: