മുപ്പത്തിയഞ്ച് വര്‍ഷത്തെ സംഘജീവിതത്തിലെ മായാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് ഉണ്ണികൃഷ്ണന് യാത്രയായത്. മരണം ഒരു കോമാളിയെപ്പോലെയാണെന്ന് പറയാറുണ്ട്. അതുകൊണ്ടാവാം ആ വശ്യമായ പുഞ്ചിരി മാഞ്ഞു എന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കഴിയാത്തത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘപ്രവര്‍ത്തനം വ്യാപിക്കുന്ന വേളയിലാണ് ഉണ്ണിയുമായി ഞാന്‍ പരിചയപ്പെടുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും ഉള്ള ഒരു നിസ്വാര്‍ത്ഥ സ്വയംസേവകനെ ഉണ്ണിയിലൂടെ കാണുവാന്‍ എനിക്ക് കഴിഞ്ഞു. എപ്പോഴും പുഞ്ചിരിച്ച മുഖവുമായി പ്രവര്‍ത്തകരുടെ മുന്നില്‍ എത്തുന്ന ഉണ്ണിയുടെ സാന്നിധ്യം സാധാരണ പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഉണ്ണിയുടെ പരിശ്രമം വളരെ ചെറുപ്പത്തിലേ കാണുവാന്‍ കഴിയുമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഉണ്ടായില്ലെങ്കിലും വായനയും സംഘസാഹിത്യത്തിനോടുള്ള അഭിനിവേശവും ഉണ്ണിയുടെ വ്യക്തിത്വ വികാസത്തിന്റെ പ്രധാന ഘടകമാണ്. ചെറുതും വലുതുമായ സംഘസാഹിത്യം വാങ്ങുകയും വായിക്കുകയും അത് ശേഖരിച്ച് വയ്ക്കുകയും ചെയ്യുന്ന അപൂര്‍വം ആളുകളില്‍ ഒരാളായിരുന്നു ഉണ്ണി.
സംഘര്‍ഷഭരിതമായ സംഘപ്രവര്‍ത്തനത്തിന്റെ ആദ്യ ദശകങ്ങളില്‍ ഉണ്ണിയുടെ നിരന്തര യാത്രയും സംഘടനാ കുശലതയും സംഘപ്രവര്‍ത്തനത്തിന് കൂട്ടായിരുന്നു. ഏറെ പരിമിതികള്‍ക്കിടയിലും പരിചയപ്പെടുന്ന ഉന്നത വ്യക്തികളുടെ വ്യക്തിത്വത്തിനോടൊപ്പം മാനസികമായി ഉയര്‍ന്ന് സമശീര്‍ഷഭാവം സൃഷ്ടിക്കുന്നതില്‍ അനിതര സാധാരണമായ ഒരു കഴിവിന്റെ ഉടമ ആയിരുന്നു. ഒരുപക്ഷേ, ഈ സമശീര്‍ഷഭാവം കൈവരിക്കാനുള്ള പ്രാഗത്ഭ്യമാണ് ഉണ്ണിയുടെ വ്യക്തി ജീവിതത്തിനും സംഘജീവിതത്തിനും അടിത്തറയായി വര്‍ത്തിച്ചിട്ടുള്ളത്.
ജില്ലാ സമ്പര്‍ക്ക പ്രമുഖായി പ്രവര്‍ത്തിക്കുമ്പോള്‍ സമ്പര്‍ക്കത്തിന് തന്റേതായ ശൈലിയിലൂടെ പാത ഒരുക്കുന്നതില്‍ വിജയിച്ച പ്രവര്‍ത്തകനായിരുന്നു ഉണ്ണി. കൊല്ലം നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരുമായുള്ള ഉണ്ണിയുടെ സൗഹൃദം സമ്പര്‍ക്ക കലയുടെ ഉത്തമ ഉദാഹരണമാണ്.
താനും കുടുംബവും തന്റെ നാടും, തന്റെ സമ്പര്‍ക്ക വലയവും സംഘപൂരിതമാക്കുവാന് സദാ ശ്രമിച്ച ഒരു പ്രവര്ത്തകന് ലഭിച്ച അംഗീകാരമായാണ് കൊല്ലം മഹാനഗര്‍ സംഘചാലക് പദവി എന്ന് അഭിമാനിക്കുന്ന കൂട്ടത്തിലായിരുന്നു ഉണ്ണി. പൊതുജീവിതത്തിലെ നിറസാന്നിധ്യം ആയിരുന്ന ഉണ്ണിയുടെ വേര്‍പാട് സംഘപ്രസ്ഥാനത്തിനും പൊതുരംഗത്തും നികത്താനാവാത്ത വിടവാണ്.
സി.കെ. ചന്ദ്രബാബു (ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് മുന്‍ പ്രചാര്‍ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: