കൊട്ടാരക്കര: ക്ഷേത്രോത്സവങ്ങളില്‍ അതിക്രമിച്ച് കയറി സ്ത്രീകളടക്കമുള്ള ഭക്തരെ തല്ലിച്ചതയ്ക്കുന്ന പോലീസ് നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന് ആവശ്യപ്പെട്ടു. കൊട്ടാരക്കരയില്‍ നടന്ന വിഎച്ച്പി ജില്ലാതല പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം അപല്‍ക്കരമാണ്. ഹൈന്ദവ ആരാധനാലയങ്ങളോട് എന്തും ആകാം എന്ന നിലപാട് പോലീസും ഭരണാധികാരികളും ഉപേക്ഷിക്കണം. സമീപകാലത്ത് കൊല്ലം ജില്ലയിലും തിരുവനന്തപുരത്തും ക്ഷേത്രങ്ങളില്‍ കയറി ഭക്തരെ തല്ലുകയും വിശ്വാസപ്രമാണങ്ങളെ ആക്ഷേപിക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. കഴിഞ്ഞദിവസം കടയ്ക്കല്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമായ തിരുവാതിരക്ക് കുരിതഎടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയ സംഭവം അവസാനത്തേതാണ്. ഈ സംഭവങ്ങളില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ ഒരുപങ്ക് പാവപ്പെട്ട ഹിന്ദുവിനെ സഹായിക്കാനായി നീക്കിവെക്കണം. ശബരിമലയിലെ വരവ് മാത്രം പ്രസിദ്ധീകരിക്കാതെ ആ തുക എങ്ങനെ ചെലവഴിച്ചു എന്നറിയാനും ഹൈന്ദവസമൂഹത്തിന് താല്പര്യമുണ്ട്. അതുകൊണ്ട് വരവിനൊപ്പം ചെലവും പൊതുജനങ്ങളെ അറിയിക്കാന്‍ ബോര്‍ഡ് തയാറാകണം. ക്ഷേത്രഭരണത്തില്‍ അവിശ്വാസികള്‍ കടന്നുകയറുന്നതും ക്ഷേത്രത്തെ വരുമാനമാര്‍ഗം മാത്രമായി കാണുന്നതും ആണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്.
ഈ സമ്പ്രദായം മാറ്റി സമൂഹത്തിന്റെ അഭയകേന്ദ്രമായി ക്ഷേത്രം മാറണം. ആലുവ ശിവരാത്രി മണപ്പുറം പോലും മറ്റ് മതസ്ഥര്‍ക്ക് കുടിയേറിപാര്‍ക്കാനുള്ള സ്ഥലമായി മാറ്റുന്ന നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് ശിവനപ്പന്‍നായര്‍ അധ്യക്ഷനായിരുന്നു. വിഭാഗ് സെക്രട്ടറി കുളത്തൂപ്പുഴ ഉണ്ണികൃഷ്ണന്, സുനി, പി.എം. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: