കരുനാഗപ്പള്ളി: മഴ കനിയാത്ത മണ്ണിന് ഹരിതാഭ പകരാന്‍ ഹരിതാമൃതം പദ്ധതി. കാര്‍ഷിക സംസ്കൃതിക്ക് പുനര്‍ജനി പകരാനുള്ള ദീര്‍ഘകാലീന പദ്ധതിയാണ് മാതാ അമൃതാനന്ദമയീമഠം മാതൃകയായി മുന്നോട്ടുവെക്കുന്നത്. തളിരായി, തണലായി, മരണത്തിലേക്ക് കൂപ്പുകുത്തുന്ന മണ്ണിന് അമൃതായി മാറുക എന്ന സന്ദേശത്തോടെയാണ് ഭക്ഷ്യസുരക്ഷയ്ക്കും ജീവിത സമൃദ്ധിക്കും വേണ്ടി മഠം ഹരിതാമൃതം പദ്ധതി മുന്നോട്ടുവെക്കുന്നത്.
കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷികസംസ്കാരം വീണ്ടെടുത്തു നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാതാഅമൃതാനന്ദമയീ ദേവിയുടെ അനുഗ്രഹത്തോടെ അമൃത സ്വാശ്രയ സംഘങ്ങള്‍ ഏറ്റെടുക്കുന്ന പുതിയ പദ്ധതിയായ് ‘ഹരിതാമൃതം’. പച്ചക്കറികൃഷി വ്യാപനമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്ന്. ‘ഭക്ഷ്യസുരക്ഷ ആരോഗ്യരക്ഷ’ എന്ന ദര്‍ശനമാണ് പദ്ധതിയുടെ പ്രേരണാസ്രോതസ്.
കേരളീയര്‍ ഓരോരുത്തരും അവരവര്‍ക്ക് ആവശ്യമായ പച്ചക്കറി, രാസവിഷങ്ങളില് നിന്നു മുക്തമായ രീതിയില്‍ ഉല്പാദിപ്പിക്കേണ്ടതുണ്ട്. ജൈവവിത്തുകളും ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ചു കൊണ്ടുള്ള കൃഷിയിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത മാത്രമല്ല ഒരു സ്വയംതൊഴില്‍ മാര്‍ഗവും കൂടിയാണ് പദ്ധതിവഴി കണ്ടെത്തുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണു അമൃത സ്വാശ്രയസംഘം ഹരിതാമൃതം പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
ഓരോ സ്വാശ്രയസംഘവും തങ്ങള്‍ക്കു പച്ചക്കറി കൃഷിക്കായി മാറ്റിവയ്ക്കാന്‍ കഴിയുന്ന സ്ഥലം കണ്ടെത്തുകയാണ് ആദ്യപടി. പ്രാഥമികമായി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. കൃഷി ചെയ്യുന്നതിനായി സ്ഥലവും സന്നദ്ധതയുമുള്ള പതിനായിരം സംഘാംഗങ്ങള്‍ ഒരു സെന്റുമുതല്‍ ഒരു ഏക്കര്‍ വരെയുള്ള കൃഷിസ്ഥലങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കോ കൂട്ടായോ പച്ചക്കറി കൃഷി ചെയ്യുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. ഈ കൃഷിയിടങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു കഴിഞ്ഞു. ഈ പതിനായിരം പേര്‍ക്കു ജൈവകൃഷിസമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികള്‍ പ്രദേശികാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വിദഗ്ധരും സേവനസന്നദ്ധരുമായ കൃഷിശാസ്ത്രജ്ഞരും അനുഭവസമ്പന്നരായ കര്‍ഷകരുമാണ് പരിശീലനം നല്‍കുന്നത്. ജൈവവളവും വിത്തും ആവശ്യാനുസരണം വിതരണം ചെയ്യുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
പ്രതീകാത്മകമായി അമൃത സ്വാശ്രയസംഘം ഭാരവാഹികള്‍ക്കു പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു കൊണ്ടു ഹരിതാമൃതം പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. റിട്ട. കൃഷിഓഫീസര്‍ ടി.എസ്. വിശ്വന് രചിച്ച ‘ഹരിതാമൃതം’ എന്ന പച്ചക്കറികൃഷി സംബന്ധിയായ പുസ്തകത്തിന്റെ പ്രകാശനം ദിവാകരന് എംഎല്‍എ നിര്‍വഹിച്ചു. സമ്മേളനത്തില്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും ആര്. രംഗനാഥന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: