ന്യൂദല്‍ഹി: രാജ്യം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി ആര് എന്നതിന് മന്മോഹന്സിഗ് എന്ന ഒറ്റ ഉത്തരം മാത്രം . മോശം ആഭ്യന്തരമന്ത്രി എന്നതിന് ഒറ്റ ഉത്തരമാവുകയാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ. സര്‍ദാര്‍ പട്ടേല്‍, ഇന്ദിരാഗാന്ധി, എല്‍ കെ അദ്വാനി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജാജി, വൈ.ബി .ചവാന് തുടങ്ങിയ മഹാരഥന്മാര് അധികാരം കൈയ്യാളിയ ആഭ്യന്തരവകുപ്പിന് നാണക്കേടായി മാറുകയാണ് ഷിന്‍ഡെ.
ദല്‍ഹി പ്രക്ഷോഭം, അഫ്സല് ഗുരു, കല്‍ക്കരി കുംഭകോണം, തെലുങ്കാന, ഹിന്ദു തീവ്രവാദം. വഹിക്കുന്ന സ്ഥാനത്തിന്റെ പദവിയും അന്തസ്സും മറന്ന് തറരാഷ്രീയക്കാരനിലേക്ക് ഷിന്‍ഡെ താഴ്ന്ന വിവാദങ്ങള്‍ ഏറെയാണ്. അതില്‍ അവസാനത്തേതു മാത്രമാണ് ഹൈദ്രബാദ് സ്ഫോടനത്തെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് പ്രക്ഷോഭം നടത്തിയവരെ ഷിന്‍ഡെ മാവോയിസ്റ്റുകളുമായി താരതമ്യം ചെയ്യുകയായിരുന്നു. സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിചാര്ജിനേയും ന്യായീകരിച്ചു.
പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വ്യക്തത വരുത്തുമെന്നായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റയുടന്‍ ഷിന്‍ഡെ പറഞ്ഞത്. അതുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞ് രാഷ്ടീയനേട്ടം പ്രതീക്ഷിച്ച് അഫ്സലിനെ തൂക്കിലേറ്റിയപ്പോള്‍ അതും നാണക്കേടായി. വീട്ടുകാരെ അറിയിക്കാതെ സ്പീഡ്പോസ്റ്റ് അയച്ചതൊക്കെ അന്താരാഷ്ര സമുഹത്തിനുമുന്നില്‍ ഇന്ത്യയുടെ വിലയിടിച്ചു.
ഇന്ത്യയിലെ ഓഹരി വിപണിയില്‍ ഭീകരവാദസംഘടനകള്‍ പണം നിക്ഷേപിക്കുന്നുണ്ടെന്ന ഷിന്‍ഡെയുടെ വെളിപ്പെടുത്തലും വിവാദമായി. പാക് ഭീകരസംഘടനയായ ജമാ അത്ത് ഉദ് ദവ ഇന്ത്യന്‍ ഓഹരിവിപണയില്‍ പണം നിക്ഷേപിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചുവെന്നായിരുന്നു ഷിന്‍ഡെ പറഞ്ഞത്. കേന്ദ്രആഭ്യന്തരമന്ത്രിതന്നെ രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരം പരസ്യപ്പെടുത്തിയതാണ് വിവാദമായത്.
ബോഫോഴ്സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന ഷിന്‍ഡെയുടെ പ്രസ്താവനയും വിവാദത്തില്‍പ്പെട്ടു. മുമ്പ് ബോഫോഴ്സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങളത് മറന്നു. ഇപ്പോള്‍ കല്‍ക്കരി. അതും ജനങ്ങള്‍ മറക്കും. ഒരിക്കല്‍ കൈകഴുകിയാല്‍ ശരിയാകാനുള്ള കാര്യങ്ങളെയുള്ളൂവെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിലപാട്.
അമിതാഭ് ബച്ചന്റെ ഭാര്യയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയാബച്ചനെതിരെ സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ശം രാജ്യസഭയില്‍ ബഹളത്തിനുകാരണമായിരുന്നു. ആസാം സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു സംഭവം. ഷിന്‍ഡെ സംസാരിച്ചുകൊണ്ടിരിക്കവെ ഇടയ്ക്ക് സംസാരിക്കാന്‍ ഒരുങ്ങിയ ജയാബച്ചനോട് അദ്ദേഹം പറഞ്ഞ മറുപടിയാണ് ബഹളത്തിനിടയാക്കിയത്. ആസാം സംഘര്‍ഷം ഗൗരവകരമായ ഒന്നാണെന്നും സിനിമാക്കഥയല്ലെന്നുമായിരുന്നു ഷിന്‍ഡെയുടെ മറുപടി. പ്രസ്താവന വിവാദമായതോടെ ജയാബച്ചനോട് ഖേദം പ്രകടിപ്പിച്ചാണ് ഷിന്‍ഡെ തലയൂരിയത്.
തെലുങ്കാന പ്രശ്നത്തിന് ഒരുമാസത്തിനകം പരിഹാരമെന്ന് ഷിന്‍ഡെ പരസ്യപ്രസ്താവന നടത്തിയത് കഴിഞ്ഞ ഡിസംബര്‍ 28നാണ്. ഇതേവരെ ഒന്നും സംഭവിച്ചില്ല. തെലുങ്കാന ഇപ്പോഴും നീറുന്ന രാഷ്ടീയവിവാദമായി നില്ക്കുന്നു.
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയായിരുന്നു ഷിന്‍ഡെ പിടിച്ച അവസാന പുലിവാല്. വിമര്‍ശനം രൂക്ഷമായതോടെ നിരുപാധികമായി ഖേദം പ്രകടിപ്പിച്ചാണ് തടിയൂരാന്‍ ശ്രമിച്ചത് .ഖേദപ്രകടനത്തെ സ്വന്തം പാര്‍ട്ടി തള്ളിക്കളഞ്ഞത് വേറെകാര്യം.
ഹൈദ്രബാദ് സ്ഫോടനത്തെക്കുറിച്ച് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന മന്ത്രാലയത്തെതന്നെ പ്രതിക്കുട്ടിലാക്കിയിരിക്കുകയാണിപ്പോള് . കിട്ടിയ വിവരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതൊഴിച്ച് ഒന്നും ചെയ്യാതിരുന്ന ആഭ്യന്തരവകുപ്പിന്റെ കഴിവ്കേട് പരസ്യമാക്കിയിരിക്കുകയാണ് മന്ത്രി.
മഹാരാഷ്ടയില്‍ കാര്യമായ രാഷ്ടീയ അടിത്തറയില്ലങ്കിലും രണ്ടുതവണ മുഖ്യമന്ത്രിക്കസേരയിലും പിന്നീട് ഗവര്‍ണര്‍ പദത്തിലും ഷിന്‍ഡെയെ ഇരുത്തിയത് നേതൃത്വത്തോടുള്ള വിധേയത്വം മാത്രമായിരുന്നു. ആഭ്യന്തരക്കുപ്പായം കിട്ടിയ ഉടന്‍ ഷിന്‍ഡെ അത് പറയുകയും ചെയ്തു. “ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് സോണിയാജിയുടെ അനുഗ്രഹംകൊണ്ടാണ്. ഞാന്‍ അവരോട് നന്ദിയുള്ളവനായിരുക്കും.ഞാന്‍ എന്തുചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നുവോ ഞാനത് ചെയ്യും” എന്നതായിരുന്നു ഷിന്‍ഡെയുടെ വാക്കുകള്‍.
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: