കൊട്ടാരക്കര: നെല്ലിക്കുന്നത്തെ വ്യാപാരിയായിരുന്ന ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജു അറസ്റ്റിലായെങ്കിലും നാട്ടുകാരുടെ ആശങ്ക മാറുന്നില്ല. മുന്‍പു നടന്ന പല കേസുകളിലും ഇയാളെ പോലീസ് സംശയിക്കുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചില രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പോലീസ് എത്തുമ്പോഴെല്ലാം സജീവസാന്നിധ്യമായിരുന്നു ഇയാള്‍. സമീപത്തെ പിതാവിന്റെ ചായക്കടയില്‍ ചായ ഒഴിക്കുകയായിരുന്നു ഇയാള്‍. ഇന്നലെ ഇയാളെ തെളിവെടുപ്പിനായി ഓടനാവട്ടത്തും നെല്ലിക്കുന്നതും കൊണ്ട് വന്നപ്പോള്‍ വന്‍ജനക്കൂട്ടം ആയിരുന്നു തടിച്ചു കൂടിയത്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു കൂസലും ഇല്ലാതെയാണ് ഇയാള്‍ എത്തിയത്.
കൊലപാതകം നടത്തിയ സ്ഥലവും മാല പണയം വച്ചിരുന്ന ബാങ്കും മറ്റും ഇയാള്‍ കാട്ടിക്കൊടുത്തു. കൊലപാതകം നടത്തിയ വിധവും വിവരിച്ചുകൊടുത്തു. മാസങ്ങള്‍ക്ക് മുമ്പ് മാവിള വീട്ടില്‍ ജോര്‍ജിന്റെ വീട്ടില്‍ കയറി പത്തുപവന്‍ മോഷ്ടിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇതാണ് കൊലപാതകക്കേസിലേക്കുള്ള ഊടുവഴിയായത്. 2007ല്‍ ആണ് കട അടച്ചു വീട്ടിലേക്ക് മടങ്ങിയ വൃദ്ധനായ ജോര്‍ജിനെ തലക്കടിച്ചു കൊല്ലുന്നത്. കൊലപാതകത്തിന് ശേഷം കയ്യിലുണ്ടായിരുന്ന പൈസയും മോതിരവും മാലയും നഷ്ടപ്പെട്ടിരുന്നു.
2006ല്‍ കൊല്ലപ്പെട്ട വര്‍ഗീസ് എന്ന 75 വയസുള്ള പച്ചക്കറി കടക്കാരന്, 2008ല്‍ കൊല്ലപ്പെട്ട ദാമോദരന്‍ എന്ന പൂജാരി, കൂലിപ്പണിക്കാരനായ പൊടിയന് എന്നിവരുടെ മരണം സംബന്ധിച്ചും ഇനിയും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം തിരിച്ചറിയാം എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: