ന്യൂദല്‍ഹി: ഹിന്ദുസംഘടനകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചത് തട്ടിപ്പായിരുന്നുവെന്ന് കോണ്‍ഗ്രസ്സ്. ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചതിന് തൊട്ടുപുറകെയാണ് കോണ്‍ഗ്രസ്സ് അതിനെ തള്ളിപ്പറഞ്ഞത്.
ബിജെപി, ആര്‍എസ്എസ് ക്യാമ്പുകള്‍ ഭീകരവാദ പരിശീലന കേന്ദ്രങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഷിന്‍ഡെ പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി.
“ഷിന്‍ഡെയുടെ പ്രസ്താവനയില്‍ വസ്തുതാപരമായി തെറ്റൊന്നുമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വസ്തുതകളില്ലാതെ ഇത്തരമൊരു പ്രസ്താവന സാധ്യവുമല്ല. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞകാര്യങ്ങള്‍ ചില രാഷ്ട്രീയപാര്‍ട്ടികളെ വേദനിപ്പിച്ചു. അവരെ തൃപ്തിപ്പെടുത്താന്‍ വിശദീകരണം നല്‍കുക കോണ്‍ഗ്രസിന്റെ കടമയാണ്.” ഔദ്യോഗിക വക്താവ് പി.സി. ചാക്കോ നയം വ്യക്തമാക്കി.
ആര്‍എസ്എസും ബിജെപിയും ഹിന്ദു ഭീകര ക്യാമ്പ് നടത്തുന്നുവെന്ന പരാമര്‍ശം പിന്‍വലിച്ചുകൊണ്ടാണ് ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചത്. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് ബിജെപി നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. “ഭീകരതയെ മതവുമായി ബന്ധിപ്പിക്കാനുള്ള ദുരുദ്ദേശ്യം തനിക്കുണ്ടായിരുന്നില്ല.താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു” എന്നാായിരുന്നു ഷിന്‍ഡെ കത്തില്‍ വ്യക്തമാക്കിയത്.
ഷിന്‍ഡെയുടെ ഖേദപ്രകടനത്തെ തൊട്ടുപുറകെ കോണ്‍ഗ്രസ്സ് തള്ളിക്കളഞ്ഞത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണെന്നാണ് സൂചന. ഹെലികോപ്ടര്‍, കുര്യന്, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്ന് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഷിന്‍ഡെയുടെ പ്രസ്താവന വിവാദം അങ്ങനെയല്ല. ഈ പ്രശ്നം ബിജെപി ഉന്നയിച്ചാല്‍ എന്ഡിഎയില്തന്നെ ഭിന്നിപ്പുണ്ടാകുമെന്നാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ. ഇക്കാര്യത്തില്‍ പുറകോട്ടുപോകാന്‍ ബിജെപിക്ക് കഴിയില്ല. ഇതിന്റെ പേരില്‍ ബഹളവും സഭാസ്തംഭനവും ഉണ്ടായാല്‍ ബിജെപിയെ പഴിചാരി മറ്റ് വിവാദവിഷയങ്ങളില്‍നിന്ന് സര്‍ക്കാരിന് തടിതപ്പാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ഷിന്‍ഡെയുടെ ഖേദപ്രകടനത്തില്‍ തൃപ്തിയില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിക്കഴിഞ്ഞു. അദ്ദേഹം നേരത്തെ തന്നെ മാപ്പ് പറയണമായിരുന്നെന്നുവെന്നും ഇന്ത്യയെ ഭീകരരാഷ്ട്രമാക്കി ചിത്രീകരിച്ച പാക്കിസ്ഥാന്റെ നിലപാടിനെതിരെ ഷിന്‍ഡെ പ്രതികരിക്കണമെന്നുമാണ് ആര്‍എസ്എസ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: