കൊട്ടാരക്കര: താലൂക്കാശുപത്രിയില്‍ വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും വലയുമ്പോഴും ബന്ധപ്പെട്ടവര്‍ക്ക് കുലുക്കമില്ല. രോഗികളുടെ ദുരിതത്തിന് അറുതിവരുത്തുവാന്‍ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ഒരു മണിക്കൂറിനകം ആശുപത്രിയില്‍ വെള്ളമെത്തി.
കഴിഞ്ഞദിവസം ബാത്ത്റൂമുകളില്‍ വെള്ളം കിട്ടാത്തതുമൂലം ബാത്ത്റൂമും പരിസരവും വൃത്തികേടായിരുന്നു. രോഗികള്‍ ആശുപത്രി വിടാന്‍ തയാറെടുത്തതോടെ രാവിലെ തന്നെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
സൂപ്രണ്ട് തഹസീല്‍ദാരുമായി ബന്ധപ്പെട്ടതോടെ ടാങ്കറില്‍ വെള്ളമെത്തി. എത്തിയവെള്ളം നിമിഷങ്ങള്‍ക്കകം തന്നെ തീര്‍ന്നു.
വീണ്ടും വെള്ളമെത്തിക്കാന്‍ നിര്‍വാഹമില്ലാതെ അധികൃതര്‍ കൈമലര്‍ത്തിയതോടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ടാങ്കറില്‍ വെള്ളമെത്തിക്കുകയായിരുന്നു. ഇത്തരത്തില്‍ രണ്ട് ടാങ്കറില്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് മുടക്കി വെള്ളം എത്തിച്ചെങ്കിലും വിതരണം ചെയ്യാന്‍ സംവിധാനമില്ലാത്തത് വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതിന് ശാശ്വതപരിഹാരമായി വെള്ളം എത്തിക്കാന്‍ അടിയന്തിര സംവിധാനമൊരുക്കാന്‍ നടപടി എടുക്കാന്‍ തയാറാണെന്ന് അധികൃതര്‍ ഉറപ്പ് പറഞ്ഞതോടെയാണ് രാവിലെ മുതല്‍ തുടങ്ങി വിവിധ ഘട്ടത്തിലുള്ള സമരപരിപാടികള്‍ നാലുമണിയോടെ അവസാനിച്ചത്.
ആശുപത്രിയില്‍ വെള്ളം എത്തിക്കാന്‍ 14ലക്ഷം രൂപ മുടക്കി പ്രത്യേകം പൈപ്പ്ലൈന് സ്ഥാപിച്ചെങ്കിലും പല ദിവസങ്ങളിലും ഇവിടെ കുടിവെള്ളം മുട്ടുകയാണ്. ആശുപത്രിയിലെ കിണറ്റിലും വെള്ളം കിട്ടാതായതോടെ വെള്ളം വെളിയില്‍ നിന്ന് വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലായിരുന്നു രോഗികള്‍.
ആശുപത്രിയില്‍ വെള്ളം എത്തിക്കാന്‍ സൂപ്രണ്ട് കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള പഞ്ചായത്ത് പ്രസിഡന്റുമായും വില്ലേജ് ഓഫീസറുമായും ബന്ധപ്പെട്ടപ്പോള്‍ പറയുന്നത് തങ്ങള്‍ക്ക് ഒരു ടാങ്കര്‍ മാത്രമേ ഉളളു. അതുകൊണ്ട് ആശുപത്രിയില്‍ മാത്രം വെള്ളം എത്തിച്ചാല്‍ പോരാ എന്നാണ്. വെള്ളവിതരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ താലൂക്കാഫീസ്, പഞ്ചായത്താഫീസ് എന്നിവിടങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെ.ആര്. രാധാകൃഷ്ണന് പറഞ്ഞു.
ജില്ലയിലുടനീളം ജലക്ഷാമം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ചര്‍ച്ചകളും ബോധവല്‍ക്കരണ മാമാങ്കങ്ങളുമല്ലാതെ ക്രിയാത്മകമായ പരിഹാരനടപടികള്‍ എങ്ങുമുണ്ടാകുന്നില്ല. നീര്‍ത്തടങ്ങളും കുളങ്ങളുമെല്ലാം കയ്യേറ്റക്കാരുടെ പിടിയിലാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
ജലചൂഷണത്തിനെതിരെ ശക്തമായ ജനകീയപോരാട്ടം സംഘടിപ്പിക്കുമെന്നും ജില്ലയിലൊട്ടാകെ സമാന്തര ജലവിതരണത്തിന്റെ സാധ്യതകള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളായ നെടുവത്തൂര്‍ ഷാജി, വിഷ്ണു വിജയന്, ചാലൂക്കോണം അജിത്, ഇരണൂര്‍ രതീഷ്, വല്ലം വിഷ്ണു എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: